സ്റ്റാർലിങ്ക് ഇന്ത്യയിൽ വരുമോ? മോദി - ഇലോൺ മസ്ക് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും
text_fieldsവാഷിങ്ടൺ: യു.എസ് സന്ദർശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ടെക് ബില്യണയറും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തും. മസ്കിന്‍റെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്കുമായി ബന്ധപ്പെട്ടും ചർച്ച നടന്നേക്കുമെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതുവരെ ദക്ഷിണേഷ്യയിലേക്ക് ഇന്‍റർനെറ്റ് സേവനം വ്യാപിപ്പിക്കാൻ മസ്കിന് കഴിഞ്ഞിട്ടില്ല. ചർച്ചയിൽ പോസിറ്റിവായ ഫലമുണ്ടായാൽ സ്റ്റാർലിങ്കിന്‍റെ സേവനം ഇന്ത്യയിലും എത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് സ്റ്റാർലിങ്കിന് വെല്ലുവിളിയാകുന്നത് മുകേഷ് അമ്പാനിയുടെ ജിയോ നെറ്റ്‍വർക്കിന്‍റെ സാന്നിധ്യമാണ്. നിലവിൽ രാജ്യത്ത് അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന ജിയോ, സാറ്റലൈറ്റ് ഇന്‍റർനെറ്റ് പദ്ധതിയും അണിയറയിൽ ഒരുക്കുന്നതായി സൂചനയുണ്ട്. ഡേറ്റ സുരക്ഷയാണ് സർക്കാറിനു മുന്നിലെ പ്രധാന വെല്ലുവിളി. കോടിക്കണക്കിന് ഇന്ത്യൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിദേശത്തേക്ക് കടത്തുമെന്ന ആശങ്ക സർക്കാറിനുണ്ട്. എന്നാൽ ഉപയോക്താക്കളുടെ ഡേറ്റ പ്രാദേശികമായി സ്റ്റോർ ചെയ്യുമെന്ന ഉറപ്പ് മസ്ക് നൽകിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമോ എന്ന കാര്യത്തിൽ സ്റ്റാർലിങ്കോ പ്രധാനമന്ത്രിയുടെ ഓഫിസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമല്ലെന്ന് നേരത്തെ മസ്ക് പ്രതികരിച്ചിരുന്നു. ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് മസ്കും മോദിയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.