ഡിസ്നി+ഹോട്ട്സ്റ്റാറിനെ വിഴുങ്ങാൻ ജിയോസിനിമ; ഇരു കമ്പനികളും ലയിച്ചേക്കും
text_fieldsഇന്ത്യയിൽ കോടിക്കണക്കിന് ഉപയോക്താക്കളുള്ള രണ്ട് ഒ.ടി.ടി പ്ലാറ്റ് ഫോമുകളാണ് ഡിസ്നി+ഹോട്ട്സ്റ്റാറും റിലയൻസിന്റെ ജിയോസിനിമയും. ഇന്ത്യയിലുള്ള വിദേശ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയൊന്നാകെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളുടെ ഭാഗമായി ജിയോ സിനിമ സമീപകാലത്ത് എച്ച്.ബി.ഒ മാക്സിനെ സ്വന്തം തട്ടകത്തിലെത്തിച്ചിരുന്നു. ഹോട്സ്റ്റാറിന് സ്വന്തമായിരുന്ന ഐ.പി.എല്ലും എച്ച്.ബി.ഒ ഉള്ളടക്കങ്ങളും റിലയൻസ് കൈവശപ്പെടുത്തിയതോടെ അവരുടെ നില പരുങ്ങലിലാവുകയും ചെയ്തു.
എന്നാൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും ജിയോസിനിമയും ലയിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ റിലയൻസ്, വാൾട്ട് ഡിസ്നി കമ്പനിയുമായി നോൺ-ബൈൻഡിങ് കരാറിൽ ഒപ്പുവച്ചതായാണ് സൂചന.
റിലയൻസ്-ഡിസ്‌നി ലയനം 2024 ഫെബ്രുവരിയിൽ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു, ലയിപ്പിച്ച സ്ഥാപനത്തിന്മേൽ റിലയൻസിനാകും കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കുക. ഇടപാടുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ അനുസരിച്ച് റിലയൻസും ഡിസ്നിയും തമ്മിലുള്ള ഓഹരി വിഭജനം 51-49 ആയിരിക്കും. കരാർ പൂർത്തിയായാൽ, അത് വിനോദരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ലയനമായി മാറിയേക്കും.
ഐപിഎൽ, അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് സംപ്രേക്ഷണ അവകാശങ്ങൾക്കായി ലേലം വിളിക്കുമ്പോൾ ജിയോ സിനിമയും ഡിസ്നി + ഹോട്ട്‌സ്റ്റാറുമായിരുന്നു സ്ഥിരമായി മത്സരിക്കാറുള്ളത്. ലയനത്തോടെ, ഈ ലേല യുദ്ധം എന്നെന്നേക്കുമായി അവസാനിച്ചേക്കാം.
സ്റ്റാർ ഇന്ത്യ ചാനലുകളിൽ റിലയൻസ് നിയന്ത്രണം നേടിക്കഴിഞ്ഞാൽ, ടെലിവിഷനുവേണ്ടിയുള്ള ക്രിക്കറ്റ് റൈറ്റ്സ് സ്റ്റാർ നിലനിർത്തിയേക്കും, അതേസമയം OTT അവകാശങ്ങൾ ലയിപ്പിച്ച ജിയോ-ഡിസ്നി പ്ലാറ്റ്‌ഫോമിനും നൽകും.
ജിയോ സിനിമയും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും തമ്മിലുള്ള ലയനത്തിലൂടെ, ക്രിക്കറ്റ്, ഫുട്‌ബോൾ സ്‌ട്രീമിങ്ങും എച്ച്.ബി.ഒ, വാർണർ ബ്രോസ് ഉള്ളടക്കങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് സൃഷ്‌ടിക്കപ്പെടാൻ പോകുന്നത്. കഴിഞ്ഞ ഒരു വർഷമായി വലിയ നഷ്ടത്തിലൂടെ പോകുന്ന ഹോട്സ്റ്റാറിന് അത് കരകയറാനുള്ള അവസരമാണ് അതിലൂടെ തെളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.