ഡിസംബർ 31 മുതൽ ഇത്തരം അക്കൗണ്ടുകൾ ഗൂഗിൾ ഇല്ലാതാക്കും; ഇമെയിൽ ഐഡി സംരക്ഷിക്കാൻ ഇങ്ങനെ ചെയ്യുക...
text_fieldsഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് ഈ വർഷം മെയ് മാസത്തിലായിരുന്നു ഗൂഗിൾ പ്രഖ്യാപിച്ചത്. ഡിസംബർ 31 മുതൽ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങുമെന്നും അമേരിക്കൻ ടെക് ഭീമൻ മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ കുറ്റവാളികളുടെ ദുരുപയോഗം തടയാനാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഗൂഗിൾ അന്ന് കാരണമായി വ്യക്തമാക്കിയത്.
എന്നാൽ, അക്കൗണ്ടുകൾ നിഷ്‌ക്രിയമായി ഏറെ കാലയളവുകൾ പിന്നിട്ടിട്ടുണ്ടെങ്കിൽ അത്തരം അക്കൗണ്ട് അപഹരിക്കപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് ഗൂഗിൾ പ്രൊഡക്‌ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു. മാത്രമല്ല, ഈ പഴയ അക്കൗണ്ടുകളിൽ ടു-ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ്-അപ്പ് ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റയ്ക്ക് അപകടസാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
![(Image Source: Bleeping Computer) (Image Source: Bleeping Computer)](https://www.madhyamam.com/h-upload/2023/08/02/2036683-google-ac.webp)
(Image Source: Bleeping Computer)
കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾ നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിൽ, അവ വൈകാതെ തന്നെ നഷ്ടപ്പെട്ടേക്കും. എന്നാൽ, Gmail, Drive, Docs, Photos, Meet, Calendar തുടങ്ങിയ സേവനങ്ങളിൽ നിന്ന് അക്കൗണ്ടും ഡാറ്റയും ഇല്ലാതാക്കുന്നതിന് മുമ്പ്, നിങ്ങളുടെ അതേ ഇ-മെയിൽ ഐഡിയിലേക്കും ബാക്കപ്പ് ഇമെയിൽ വിലാസത്തിലേക്കും ആവർത്തിച്ച് ഇമെയിലുകൾ അയച്ചുകൊണ്ട് ഗൂഗിൾ ഉപയോക്താക്കളെ അറിയിക്കും. സജീവമല്ലാത്ത അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് സൈബർ കുറ്റവാളികളെ തടയുന്നതിനാണ് നടപടിയെന്ന് ഗൂഗിൾ പറയുന്നു.
ശ്രദ്ധിക്കുക..! ഒരു അക്കൗണ്ട് ഇല്ലാതാക്കിക്കഴിഞ്ഞാൽ, പുതിയ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതിന് അനുബന്ധ Gmail വിലാസം ഉപയോഗിക്കാൻ കഴിയില്ല. നിങ്ങൾ അപൂർവ്വമായി ഉപയോഗിക്കുന്ന അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ രണ്ട് വർഷത്തിലും ലോഗിൻ ചെയ്യുക, അങ്ങനെ ചെയ്താൽ, ഗൂഗിൾ അത് നിഷ്‌ക്രിയമായി ഫ്ലാഗ് ചെയ്യില്ല. അല്ലെങ്കിൽ, ആ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ ഇമെയിലുകൾ വായിക്കുകയോ അയക്കുകയോ ചെയ്യുക. ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുകയോ, യൂട്യൂബിൽ വിഡിയോ സെർച്ച് ചെയ്യുകയോ കാണുകയോ ചെയ്യുക. മറ്റുള്ള വെബ് സൈറ്റുകളിൽ ആ മെയിൽ ഐഡി ഉപയോഗിച്ച് സൈൻ-ഇൻ ചെയ്താലും മതി.
ചാനലുകൾ, കമന്റുകൾ, വീഡിയോകൾ എന്നിവ പോലെയുള്ള യൂട്യൂബ് ആക്‌റ്റിവിറ്റിയുള്ള അല്ലെങ്കിൽ പണം ബാലൻസ് ഉള്ള അക്കൗണ്ടുകൾ ഇല്ലാതാക്കില്ലെന്ന് ഗൂഗിൾ കുറിക്കുന്നു. നിങ്ങൾ ഇനി ഏതെങ്കിലും അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഡൗൺലോഡ് ചെയ്യാൻ ‘Google Takeout’ സേവനം ഉപയോഗിക്കാം. അതുപോലെ, നിങ്ങളുടെ അക്കൗണ്ട് ഒരു നിശ്ചിത കാലയളവിലേക്ക് നിഷ്‌ക്രിയമായിരുന്നെങ്കിൽ സ്വയം ഓർമ്മപ്പെടുത്താൻ നിങ്ങൾക്ക് കമ്പനിയുടെ നിഷ്‌ക്രിയ അക്കൗണ്ട് മാനേജർ (Inactive Account Manager) ഉപയോഗിക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.