സെമികണ്ടക്ടർ നിർമാണത്തിന് സഹായം നൽകും -പ്രധാനമന്ത്രി
text_fieldsഗാന്ധിനഗർ: രാജ്യത്ത് സെമികണ്ടക്ടർ നിർമാണക്കമ്പനികൾ തുടങ്ങാൻ സാങ്കേതിക സ്ഥാപനങ്ങൾക്ക് 50 ശതമാനം സാമ്പത്തിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗന്ധിനഗറിൽ നടന്ന ‘സെമികോൺ ഇന്ത്യ 2023’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് ആശ്രയിക്കാൻ കഴിയുന്ന ചിപ്പ് വിതരണ ശൃംഖല ആവശ്യമാണ്.
ഇന്ത്യ ഇക്കാര്യത്തിൽ അതിന്റെ ഉത്തരവാദിത്തം തിരിച്ചറിയുന്നു. അതിനാൽ സുഹൃദ് രാജ്യങ്ങളുമായി ചേർന്ന് സെമികണ്ടക്ടർ വ്യവസായ രംഗത്തിന് വളരാനുള്ള ആവാസവ്യവസ്ഥ ഒരുക്കുകയാണ്. ഈ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും മോദി പറഞ്ഞു. ഇതിന്റെ ഭാഗമായി ‘ദേശീയ ക്വാണ്ടം മിഷന്’ അംഗീകാരം നൽകിക്കഴിഞ്ഞു. നാഷനൽ റിസർച് ഫൗണ്ടേഷൻ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻജിനീയറിങ് കരിക്കുലം പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. സെമികണ്ടക്ടറുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകൾക്കായി 300-ലധികം കോളജുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ലക്ഷത്തിലധികം ഡിസൈൻ എൻജിനീയർമാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാർട്ടപ്പുകളും മേഖലയ്ക്ക് കരുത്ത് പകരും. കഴിഞ്ഞ ദശകത്തിൽ രാജ്യത്തിന്റെ സൗരോർജ ശേഷി 20 മടങ്ങ് വർധിച്ചു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 500 ജിഗാ വാട്ട് പുനരുപയോഗ ഊർജ ശേഷിയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നടക്കുന്ന നയ പരിഷ്കാരങ്ങൾ വ്യവസായത്തിന് കരുത്തുപകരും. ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നികുതി പ്രക്രിയ ലളിതമാക്കാൻ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.