വോട്ടർമാരുടെ ഡാറ്റ വെബ്സൈറ്റിലൂടെ വിൽപനക്ക് വെച്ച് സ്വകാര്യ കമ്പനി
text_fieldsബംഗളൂരു: കർണാടകയിൽ വോട്ടർമാരുടെ ഡാറ്റ വെബ്സൈറ്റിലൂടെ വിൽപനക്ക് വെച്ച് സ്വകാര്യ കമ്പനി. അട്ടിമറി സാധ്യതകൾ നിലനിൽക്കുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിലാണ് വോട്ടർമാർ പോലുമറിയാതെ അവരുടെ ഡാറ്റ വിൽപനക്ക് വെച്ചിരിക്കുന്നത്. ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും ഡാറ്റ ലഭിക്കാൻ കാൽലക്ഷം രൂപയാണ് വെബ്സൈറ്റ് ആവശ്യപ്പെടുന്നത്.
വെബ്സൈറ്റിന് പിന്നിലുള്ള സംഘം ഫോണിൽ ബന്ധപ്പെട്ടതായി ചൂണ്ടിക്കാട്ടി, ബംഗളൂരുവിലെ സ്വതന്ത്ര സ്ഥാനാർഥിയായ രാജു തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ചുമതലയുള്ള ശ്രീനിവാസ് നൽകിയ പരാതിപ്രകാരം 24ന് ബംഗളൂരു പൊലീസ് കേസെടുത്തു. വെബ്സൈറ്റ് 2023 ഏപ്രിലിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്തതായാണ് കാണിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള, കമീഷന്റെ ഡാറ്റ സൂക്ഷിക്കുന്ന സർക്കാർ പോർട്ടലായ ഇറോനെറ്റിന്റെ ഡാറ്റാബേസ് മാതൃകയിലാണ് സ്വകാര്യ വെബ്സൈറ്റിലും ഡാറ്റ അവതരിപ്പിച്ചിട്ടുള്ളത്.
വോട്ടർമാരുടെ ഡാറ്റ ഔദ്യോഗിക സംവിധാനത്തിൽനിന്ന് ചോർന്നതോ അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടതോ ആകാമെന്നാണ് അധികൃതരുടെ നിഗമനം. ബംഗളൂരുവിലെ വോട്ടർമാരുടെ ഡാറ്റ ഇറോനെറ്റിൽ കൈകാര്യം ചെയ്യുന്നത് ബി.ബി.എം.പിയാണ്. മണ്ഡലാടിസ്ഥാനത്തിൽ വോട്ടർമാരുടെ ഫോൺ നമ്പറും വാട്ട്സ് ആപ് നമ്പറുമടക്കമുള്ള വിവരങ്ങളാണ് പണം നൽകിയാൽ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.