നിയമനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി പി.എസ്.സി
text_fieldsതിരുവനന്തപുരം: നിയമനപ്രക്രിയക്കായി ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന യോഗ്യത സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പി.എസ്.സി ആലോചിക്കുന്നു. ലക്ഷക്കണക്കിന് രേഖകളാണ് പി.എസ്.സി വെബ്സൈറ്റിൽ ഉദ്യോഗാർഥികൾ അപ്ലോഡ് ചെയ്യുന്നത്. പുതിയ നടപടി തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് കമീഷൻ വിലയിരുത്തി. ഇതിനായി ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹായം തേടും.
പ്രാരംഭ നടപടിയെന്ന രീതിയിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറുമായി പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജു കൂടിയാലോചന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി.എസ്.സിയും ഡിജിറ്റൽ സർവകലാശാലയും തമ്മിൽ ദീർഘകാലാടിസ്ഥാനത്തിൽ ധാരണപത്രം ഒപ്പിടും. അപേക്ഷ നൽകുമ്പോൾ പരിചയ സർട്ടിഫിക്കറ്റിന്റെ അസ്സൽ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ വീണ്ടും നടപ്പാക്കും. നിബന്ധന കോവിഡ് പശ്ചാത്തലത്തിൽ പി.എസ്.സി ഒഴിവാക്കിയിരുന്നു. പകരം ഉദ്യോഗാർഥി സത്യവാങ്മൂലം അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. ഈ ഇളവാണ് പിൻവലിക്കുന്നത്. 01.01.2023 മുതലുള്ള വിജ്ഞാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുമ്പോൾത്തന്നെ അസ്സൽ പരിചയസർട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.