പി.എസ്.എൽ.വി-സി 53; വിക്ഷേപണം വിജയം
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി-53ൽ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപിച്ച പി.എസ്.എൽ.വി-53 റോക്കറ്റിന്റെ നാലാംഘട്ട ഭാഗം താൽക്കാലിക ഉപഗ്രഹമായി ഉപയോഗിക്കുന്ന പുതിയ പരീക്ഷണത്തിനും തുടക്കമായി.
വ്യാഴാഴ്ച വൈകീട്ട് 6.02ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് 44.4 മീറ്റർ ഉയരമുള്ള പി.എസ്.എൽ.വി-സി 53 കുതിച്ചുയർന്നത്. 18 മിനിറ്റിനുശേഷം സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളും നിശ്ചയിച്ച ഭ്രമണപഥത്തിലെത്തിച്ചു. 365 കിലോയുള്ള ഡി.എസ്.ഇ.ഒ എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം, 155 കിലോയുള്ള ന്യൂസാർ, 2.8 കിലോയുള്ള സ്കൂബ് -1 എന്ന വിദ്യാർഥികൾ വികസിപ്പിച്ച സിംഗപ്പൂരിന്റെ ആദ്യത്തെ ഉപഗ്രഹം എന്നിവയാണ് വിക്ഷേപിച്ചത്.
ഇവ മൂന്നും ഭ്രമണപഥത്തിലെത്തിച്ചശേഷം പി.എസ്.എൽ.വി റോക്കറ്റിന്റെ നാലാം ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഉപഗ്രഹ മൊഡ്യൂളായി മാറി (പി.എസ്.എൽ.വി ഓർബിറ്റൽ എക്സ്പിരിമെന്റൽ മൊഡ്യൂൾ -പി.ഒ.ഇ.എം). ആദ്യമായാണ് റോക്കറ്റിന്റെ നാലാം ഘട്ടം ഭ്രമണപഥത്തിൽ തന്നെ നിലനിർത്തിയുള്ള പരീക്ഷണം ഐ.എസ്.ആർ.ഒ നടത്തുന്നത്. ഇതിനായി ആറ് പരീക്ഷണ ഉപകരണങ്ങളും നാലാം ഘട്ടത്തിൽ ചേർത്തിരുന്നു.
പ്രവർത്തനോർജം ലഭിക്കുന്നതിനായി നാലാം ഘട്ടത്തിൽ സൗരോർജ പാനലുകളും ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ചത്തെ ദൗത്യം നേരിട്ട് കാണുന്നതിനായി രണ്ടര വർഷത്തിനുശേഷം വീണ്ടും ശ്രീഹരിക്കോട്ടയിലെ സന്ദർശന ഗാലറിയിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചു. പി.എസ്.എൽ.വിയുടെ 55ാമത്തെ ദൗത്യമാണ് ഇതോടെ പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.