ഡിജിറ്റൽ രൂപ വരുന്നു; വിശദാംശങ്ങളുമായി റിസർവ് ബാങ്ക്
text_fieldsമുംബൈ: രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ (ഇ-രൂപ) ഉടൻ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും ധന, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ആർ.ബി.ഐ പറഞ്ഞു. പണം പുറത്തിറക്കാനും ഇടപാടിനുമുള്ള ചെലവ് കുറയുമെന്നുമാണ് കണക്കുകൂട്ടൽ. ഡിജിറ്റൽ കറൻസി, ഉപയോഗങ്ങൾ, നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണക്കുറിപ്പും ആർ.ബി.ഐ പുറത്തുവിട്ടു. ഇതിൽ ബാങ്ക് ഇടപാടുകളെ ഇ-രൂപ എങ്ങനെ ബാധിക്കുന്നു, ഉപയോഗ രീതി, സങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയുമുണ്ട്.
രാജ്യത്ത് ഡിജിറ്റല്‍ കറൻസി പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയിരുന്നു. 2023 മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണെങ്കിലും കറൻസി നോട്ടുകളെപ്പോലെ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമപിൻബലവുമുണ്ടാകും.
പേപ്പർ കറൻസിയാക്കി മാറ്റാൻ കഴിയും. ബാങ്കിന്റെയോ സേവന ദാതാവിന്റെയോ വാലറ്റിൽ സൂക്ഷിക്കാം. ചില പ്രത്യേക ആവശ്യങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് തുടക്കത്തിൽ അവസരം ലഭിക്കുക. ചെറുകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- റീട്ടെയിൽ, വൻകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- ഹോൾസെയിൽ എന്നിങ്ങനെ രണ്ട് തരം ഡിജിറ്റൽ രൂപയാണുണ്ടാവുക. ഇതിൽ റീട്ടെയിലാണ് എല്ലാവർക്കും ഉപയോഗിക്കാനാവുക. ഹോൾസെയിൽ ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കും സെക്യൂരിറ്റി സെറ്റിൽമെന്റിനുമുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.