ഷഓമിക്ക് പിന്നാലെ റിയൽമി ഇന്ത്യയുടെ സി.ഇ.ഒയും രാജിവെച്ചു; അടുത്ത തട്ടകം ‘ഹോണർ’?
text_fieldsറിയൽമി ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) മാധവ് ഷേത്ത് കമ്പനിയിൽ നിന്ന് രാജിവെച്ചു. ഇന്ത്യയിൽ റിയൽമിയുടെ തുടക്കകാലം മുതൽ മാധവ് ഷേത്ത് നേതൃസ്ഥാനത്തുണ്ടായിരുന്നു. അഞ്ച് വർഷം കൊണ്ട് രാജ്യത്തെ പ്രമുഖ ബ്രാൻഡാക്കി റിയൽമിയെ മാറ്റിയതിന് ശേഷമാണ് അദ്ദേഹം ബുധനാഴ്ച ഔദ്യോഗികമായി രാജിവെച്ചത്. പുതിയ യാത്ര ആരംഭിക്കാനുള്ള സമയമായിരിക്കുകയാണെന്നാണ് സേത്ത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ ഷഓമി ഇന്ത്യയുടെ സി.ഇ.ഒ മനു കുമാർ ജെയിനും രാജിവെച്ചിരുന്നു.
റിയൽമി സ്ഥാപകനായ സ്കൈ ലി ഇനി ഇന്ത്യൻ വിപണിയുടെ മേൽനോട്ടം വഹിക്കും. കമ്പനിയുടെ ഉപദേഷ്ടാവ് മാത്രമായി ഇനി ഷേത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം സ്വന്തമായി കയറ്റുമതി ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുന്നതായും സൂചനകളുണ്ട്. അതേസമയം, ഹ്വാവേയുടെ സബ് ബ്രാൻഡായിരുന്ന ഹോണർ ഇന്ത്യയിൽ തിരിച്ചുവരാനൊരുങ്ങുകയാണെന്നും അതിന്റെ നേതൃസ്ഥാനത്തേക്ക് ഷേത്തിനെ പരിഗണിക്കുന്നുണ്ടെന്നും സൂചനകളുണ്ട്.
“റിയൽമി എന്നെന്നേക്കുമായി എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും, കൂടാതെ ബ്രാൻഡിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നത് തുടരും. റിയൽമിയുടെ വികസന തന്ത്രങ്ങൾ, ആഗോള ഉൽപ്പന്ന നിരീക്ഷണങ്ങൾ, വിപണി സ്ഥിതിവിവരക്കണക്കുകൾ, പ്രവർത്തന നിർദ്ദേശങ്ങൾ എന്നിവയിൽ ഞാൻ ഇപ്പോഴും ശക്തമായ പിന്തുണക്കാരനും തന്ത്രപരമായ ഉപദേശകനുമാണ്, ” -ഷേത്ത് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.