റിയൽമി ഇന്ത്യയിൽ കൂട്ട രാജി; ഉന്നത ഡയറക്ടർമാർ ഉൾപ്പെടെ പോയത് ‘ഹോണറി’ലേക്ക്
text_fieldsചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളായ റിയൽമി ഇന്ത്യയിൽ നിന്ന് അടുത്ത മാസങ്ങളിൽ രാജിവെച്ചത് 16 എക്സിക്യൂട്ടീവുകൾ. ഇന്ത്യയിൽ ‘ഹോണർ’ ബ്രാൻഡിനെ തിരിച്ചുകൊണ്ടുവരുന്ന കമ്പനിയിൽ ചേരാനായാണ് അത്രയും പേർ കമ്പനി വിട്ടതെന്ന് എകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ റിയൽമി ഇന്ത്യ സി.ഇ.ഒ മാധവ് ഷേത്തും രാജി വെച്ചിരുന്നു. ഹോണറിന്റെ ചുമതലയേൽക്കാനാണ് അദ്ദേഹം പോയതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു.
എന്നാലിപ്പോൾ റിയൽമി ഇന്ത്യയിൽ കൂട്ട രാജിയാണെന്നും മാധവ് ഷേത്തിന് പിന്നാലെ ഉന്നത ഡയറക്ടർമാർ ഉൾപ്പെടെ നിരവധി ജീവനക്കാർ ‘ഹോണർ ടെക്കി’ൽ ചേർന്നിരിക്കുകയാണെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. റിയൽമിയിൽ തനിക്ക് പ്രിയങ്കരരായ മുതിർന്ന ജീവനക്കാരെയാണ് മാധവ് ഷേത്ത് കൊണ്ടുപോയിരിക്കുന്നതെന്നാണ് സൂചന.
റിയൽമിയുടെ ഓഫ്‌ലൈൻ വിൽപ്പനയുടെ ചുമതല വഹിച്ചിരുന്ന ദിപേഷ് പുനമിയ ഇപ്പോൾ ഹോണർ ടെക്കിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി (എവിപി) മാറി. റിയൽമിയിൽ ഓൺലൈൻ വിൽപ്പനയുടെ ചുമതല വഹിച്ചിരുന്ന സഞ്ജീവ് കുമാറും കമ്പനിയിലെ ഉന്നത പദവി ഏറ്റെടുത്തിട്ടുണ്ടെന്ന് വിതരണ വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
അഞ്ച് വർഷങ്ങൾ കൊണ്ട് റിയൽമിയെ ഇന്ത്യയിലെ മുൻനിര ബ്രാൻഡാക്കി മാറ്റിയതിന് ശേഷമായിയിരുന്നു മാധവ് ഷേത്ത് പടിയിറങ്ങിയത്. പിന്നാലെ അദ്ദേഹം തന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ പോകുന്ന എതിരാളി ബ്രാൻഡായ ഹോണറിൽ ചേർന്നു. ഹോണർ അതിന്റെ പാർട്ണറായ പിഎസ്എവി ഗ്ലോബൽ വഴിയാണ് ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിക്കുന്നത്. അവരിപ്പോൾ തന്നെ ടാബ്‌ലെറ്റുളും വെയറബിൾസും ലാപ്‌ടോപ്പുകളും ഹോണർ ബ്രാൻഡിന് കീഴിൽ രാജ്യത്ത് പുറത്തിറക്കുന്നുണ്ട്.
അതേസമയം, മാധവ് ഷേത്ത് ഇറങ്ങിയതിന് പിന്നാലെ റിയൽമി ഇന്ത്യയിൽ വലിയൊരു അഴിച്ചുപണി നടന്നതായും കമ്പനിയുടെ ഹോം ടർഫായ ചൈനയിലെ എക്സിക്യൂട്ടീവുകളാണ് അതിന് നേതൃത്വം നൽകിയതെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.