സമൂഹ മാധ്യമങ്ങളിലെ വ്യാജൻ: ഐ.ടി നിയമ ഭേദഗതിയെ വിമർശിച്ച് ബോംബെ ഹൈകോടതി
text_fieldsമുംബൈ: സമൂഹ മാധ്യമങ്ങളിൽ സർക്കാറിനെതിരായ ‘വ്യാജ വാർത്തകൾ’ പ്രചരിപ്പിക്കുന്നത് തടയാൻ വിവര സാങ്കേതിക നിയമം (ഐ.ടി) ഭേദഗതി ചെയ്തതിനെ വിമർശിച്ച് ബോംബെ ഹൈകോടതി. ഐ.ടി നിയമ ഭേദഗതി അസാധാരണമാണെന്നും ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ലെന്നുമാണ് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, നീലാ ഗോഖലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞത്. ഭേദഗതിയുടെ ആവശ്യമെന്തെന്നും വ്യാജനോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഏതെന്ന് തീരുമാനിക്കാൻ സർക്കാറിനുതന്നെ പൂർണാധികാരം നൽകുന്നതും മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. കേന്ദ്രം നൽകിയ സത്യവാങ്മൂലം രണ്ടാവർത്തി വായിച്ചിട്ടും ‘വ്യാജനായി’ കണക്കാക്കുന്ന ഐ.ടി നിയമത്തിന്റെ അതിർവരമ്പുകൾ ബോധ്യമായില്ലെന്ന് ജസ്റ്റിസ് ഗൗതം പട്ടേൽ പറഞ്ഞു.
ഐ.ടി ഭേദഗതിക്ക് എതിരെ കൊമേഡിയൻ കുനാൽ കംമ്ര, എഡിറ്റേഴ്സ് ഗ്വിൽഡ്, ഇന്ത്യൻ മാഗസിൻസ് അസോസിയേഷൻ എന്നിവർ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം.
ജനാധിപത്യ പ്രക്രിയയിൽ സർക്കാറും പൗരനെപ്പോലെ പങ്കാളിയാണെന്നും അതിനാൽ പൗരന് ചോദിക്കാനും മറുപടി ആവശ്യപ്പെടാനുമുള്ള മൗലികാവകാശമുണ്ടെന്നും മറുപടി നൽകൽ സർക്കാറിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു. ഭേദഗതി പ്രകാരം സ്ഥാപിക്കുന്ന ഫാക്ട് ചെക്കിങ് യൂനിറ്റിൽ (എഫ്.സി.യു) ആരാണ് വസ്തുത പരിശോധിക്കുകയെന്നും കോടതി ചോദിച്ചു.
അതേസമയം, ഏതെങ്കിലും തലത്തിൽ സമൂഹമാധ്യമങ്ങളിൽ വരുന്നവയുടെ വസ്തുത പരിശോധിക്കണമെന്ന് പറഞ്ഞ കോടതി എന്നാൽ ഭേദഗതി അമിതാധികാരമാണെന്ന ഹരജിക്കാരുടെ വാദത്തെ അംഗീകരിക്കുകയായിരുന്നു. വ്യാജൻ, തെറ്റിദ്ധരിപ്പിക്കുന്നത് എന്നിവയുടെ നിർവചനമെന്തെന്നതിൽ നിയമം നിശ്ശബ്ദമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഊഹത്തിലൂടെയാണോ വ്യാജനേതെന്ന് തീരുമാനിക്കുന്നതെന്ന് ചോദിച്ചു. ഏതാണ് സത്യം അസത്യമെന്ന് വിധിക്കാൻ കോടതിക്കല്ലാതെ അധികാരമില്ലെന്നും വ്യക്തമാക്കി. ഹരജിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത 27ന് കേന്ദ്രത്തിന്റെ വാദങ്ങൾ കോടതിയിൽ നിരത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.