എയർടെൽ, ജിയോ യൂസർമാർ കാത്തിരിക്കുക; മൊബൈൽ റീചാർജ് നിരക്ക് കൂടാൻ പോകുന്നു...
text_fieldsരാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെലും ജിയോയും മൊബൈൽ റീചാർജ് നിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നു. 2023 മാര്‍ച്ചോടെ നിലവിലെ നിരക്കില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് വരുത്താനായി രണ്ട് സ്വകാര്യ കമ്പനികളും തയ്യാറെടുക്കുന്നതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു. കമ്പനികളുടെ വരുമാനവും മാർജിനും വർധിപ്പിക്കാൻ വേണ്ടിയാണ് പുതിയ നീക്കമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ജിയോയും എയർടെലും ഉൾപ്പെടെയുള്ള ടെലികോം ഓപ്പറേറ്റർമാർ അടുത്ത മൂന്ന് വർഷം തുടർച്ചയായി താരിഫുകളിൽ 10 ശതമാനം വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ചില വിശകലന വിദഗ്ധർ സൂചന നൽകുന്നുണ്ട്. അതായത് വരും വർഷങ്ങളിലെ ഓരോ നാലാമത്തെ പാദത്തിലും ഉപയോക്താക്കൾ മൊബൈൽ റീചാർജുകളിൽ വർദ്ധനവ് പ്രതീക്ഷിക്കണമെന്ന് ചുരുക്കം.
ഒരു ടെലികോം കമ്പനിയുടെ പ്രകടനത്തിന്റെ നിർണായക സൂചകമായ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU), മൂന്നാം പാദത്തിൽ എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ എന്നിവയുടെ മിതമായ അളവിൽ വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ വില വർദ്ധനയോടെ, ARPU ഗണ്യമായി ഉയരും.
നേരത്തെ മിനിമം റീചാര്‍ജ് പ്ലാനില്‍ എയര്‍ടെല്‍ മാറ്റം വരുത്തി 99 രൂപയിൽ നിന്ന് 155 രൂപയിയിലേക്ക് ഉയര്‍ത്തിയിരുന്നു. രാജ്യത്തെ ചില സര്‍ക്കിളുകളില്‍ മാത്രമായിരുന്നു പ്ലാനില്‍ മാറ്റം വരുത്തിയത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ 99 ന്റെ പ്ലാന്‍ തന്നെയാണ് മിനിമം റീചാർജ് പ്ലാൻ. 99 രൂപയുടെ ടോക്ക് ടൈമും 200 എംബി ഡേറ്റയുമാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. എന്നാൽ, പുതുക്കിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ്, ഒരു ജിബി ഡേറ്റ, 300 എസ്എംഎസുകള്‍ എന്നിവ ലഭിക്കുന്നുണ്ട്. മറ്റ് സര്‍ക്കിളിലേയ്ക്കും എയര്‍ടെല്‍ ഈ പുതുക്കിയ പ്ലാന്‍ വൈകാതെ എത്തിക്കും.
അതേസമയം, രാജ്യത്ത് നിലവിൽ വ്യാപകമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത് എയര്‍ടെലും ജിയോയും മാത്രമാണ്. കേരളത്തിലും ചിലയിടങ്ങളിൽ 5ജി സേവനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.