ജനുവരിയിൽ വിട്ടുപോയത് 93 ലക്ഷം വരിക്കാർ; എങ്കിലും ജിയോ ഹാപ്പി, കാരണമിതാണ്...!
text_fieldsഇന്ത്യയിൽ 50 കോടി വരിക്കാരെന്ന മാന്ത്രിക സംഖ്യ കടക്കാനുള്ള പാതയിൽ ഒരിക്കൽ കൂടി റിലയൻസ് ജിയോക്ക് അടിതെറ്റി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം ജനുവരിയിൽ ജിയോയ്ക്ക് 93.22 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഡിസംബറിൽ 1.3 കോടി വരിക്കാരെ നഷ്ടമായതിന് പിന്നാലെയാണ് മറ്റൊരു വലിയ തിരിച്ചടി. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 40.63 കോടിയായി കുറഞ്ഞു.
അതേസമയം, മറ്റൊരു പ്രമുഖ ടെലികോം ഭീമനായ എയർടെൽ ജനുവരിയിൽ 7 ലക്ഷത്തിലധികം പുതിയ വരിക്കാരെ സ്വന്തമാക്കി. അതോടെ അവരുടെ മൊത്തം വരിക്കാരുടെ എണ്ണം 35.54 കോടിയായി. വൊഡാഫോൺ ഐഡിയയിൽ നിന്ന് നാല് ലക്ഷത്തോളം വരിക്കാർ കൊഴിഞ്ഞുപോയെങ്കിലും, മുൻ മാസത്തെ അപേക്ഷിച്ച് അത് വളരെ കുറവാണ്. ബിഎസ്‌എൻഎല്ലിന് ജനുവരിയിൽ 3.78 ലക്ഷം പുതിയ വരിക്കാരെയാണ് നഷടമായത്.
വരിക്കാരുടെ കൊഴിഞ്ഞുപോക്ക് എങ്ങനെ ജിയോക്ക് ഗുണമാകും....?
90 ലക്ഷത്തിലധികം വരിക്കാർ വിട്ടുപോയത് ജിയോക്ക് ഗുണമായി മാറി എന്നത് യാഥാർഥ്യമാണ്. കാരണം, ജിയോ അതിന്റെ നെറ്റ്‌വർക്കിൽ നിന്ന് പ്രവർത്തനരഹിതമായ അല്ലെങ്കിൽ പണമടയ്ക്കാത്ത വരിക്കാരെ സജീവമായി നീക്കം ചെയ്തുവരികയാണ്. അതിന്റെ ഫലമായി കഴിഞ്ഞ അഞ്ച് മാസങ്ങളിലായി ജിയോയുടെ സജീവ വരിക്കാരുടെ മാർക്കറ്റ് ഷെയർ തുടർച്ചയായി മെച്ചപ്പെടുന്നുണ്ട്. ഈ കാലയളവിൽ അവർക്ക് 3.7 കോടി വരിക്കാരെ നഷ്ടപ്പെടുകയും എയർടെൽ 20 ലക്ഷത്തിലധികം വരിക്കാരെ ചേർക്കുകയും ചെയ്തിരുന്നു.
ജിയോയുടെ സജീവ സബ്‌സ്‌ക്രൈബർ നിരക്ക് അഥവാ സജീവമായ സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപയോക്താക്കളുടെ എണ്ണവും എക്കാലത്തേയും മികച്ച നിലയിലാണ്. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി അത് 90 ശതമാനം കടന്നിരിക്കുകയാണ്. ഡിസംബറിന് മുമ്പ് വരെ അത് 80 ശതമാനത്തിലും താഴെ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.