വാണിജ്യസന്ദേശങ്ങൾ:പുതുക്കിയ മാനദണ്ഡങ്ങൾ ജനുവരിയോടെ -ട്രായ് ചെയർമാൻ
text_fieldsന്യൂഡൽഹി: വാണിജ്യസന്ദേശങ്ങൾ അയക്കുന്നതിൽ ഉറവിടം സംബന്ധിച്ച് വിവരങ്ങൾ സൂക്ഷിക്കുന്നതടക്കം ടെലികോം കമ്പനികൾക്കുള്ള പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് വൈകുമെന്ന് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ചെയർമാൻ അനിൽ കുമാർ ലഹോട്ടി. പുതുക്കിയതും കാര്യക്ഷമമവുമായ മാനദണ്ഡങ്ങൾ ജനുവരിയോടെ നടപ്പാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ലഹോട്ടി പറഞ്ഞു. നേരത്തെ നവംബർ ഒന്നുമുതൽ നടപ്പിൽ വരുമെന്നായിരുന്നു ട്രായ് അറിയിച്ചിരുന്നത്.
പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതോടെ ഇ-കോമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി ലഭ്യമാക്കുന്നതിൽ നവംബർ ഒന്നുമുതൽ താൽക്കാലിക തടസ്സമുണ്ടാകുമെന്ന് ടെലികോം സേവന ദാതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. സംവിധാനം നടപ്പിൽ വരുത്താൻ രണ്ടുമാസം കൂടി ഇളവനുവദിക്കണമെന്നായിരുന്നു ടെലികോം കമ്പനികളായ എയർടെൽ, വോഡഫോൺ, റിലയൻസ് ജിയോ എന്നിവ ഉൾപ്പെടുന്ന സെല്ലുലാർ ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ഇ-കോമേഴ്സ് കമ്പനികളിലും ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങളിലും ട്രായ് നിർദേശം നടപ്പാക്കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഇനിയും സജ്ജമായിട്ടില്ലെന്നും ടെലികോം കമ്പനികൾ ചൂണ്ടിക്കാട്ടി. പുതുക്കിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കൺസൾട്ടേഷൻ പേപ്പർ ആഗസ്റ്റ് അവസാന വാരമാണ് ട്രായ് പുറത്തിറക്കിയത്. തുടർന്ന്, വിവിധ കേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചു. കൂടുതൽ ചർച്ചകൾ നടത്തി മാനദണ്ഡങ്ങളിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും. ഇതിനായി മൂന്നുമാസം കൂടി സമയം ഇനിയും വേണ്ടതുണ്ടെന്നും ലഹോട്ടി പറഞ്ഞു.
സന്ദേശങ്ങൾ അയക്കുന്ന കമ്പനികൾ അവരുടെ യു.ആർ.എൽ (യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ), തിരികെ വിളിക്കാനുള്ള നമ്പറുകൾ എന്നിവ ടെലികോം ഓപറേറ്റർമാർക്ക് മുൻകൂട്ടി കൈമാറുന്ന രീതിയിലാണ് ട്രായ് മാനദണ്ഡങ്ങൾ വിഭാവനം ചെയ്യുന്നത്. ടെലികോം ഓപറേറ്റർ നടപ്പിൽ വരുത്തുന്ന ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമിൽ ഈ വിവരങ്ങൾ ശേഖരിക്കും.
സേവനദാതാക്കൾ നൽകുന്ന വിവരങ്ങളും ഓപറേറ്ററുടെ പക്കലുള്ള ലെഡ്ജറിലെ വിവരങ്ങളും സമാനമായാൽ മാത്രമേ സന്ദേശം ഇനി മുതൽ ഉപഭോക്താവിന് കൈമാറാനാവൂ. പുതിയ മാനദണ്ഡമനുസരിച്ച് സന്ദേശം അയക്കുന്നത് മുതൽ ഉപഭോക്താവിലെത്തുന്നതുവരെയുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കപ്പെടും. നിരന്തരം ഉപയോക്താക്കൾക്കാവശ്യമില്ലാത്ത (സ്‌പാം) സന്ദേശങ്ങൾ വരുകയും അവയിലെ ലിങ്കുകൾ വഴി പണവും വിവരങ്ങളും നഷ്‌ടമാവുകയും ചെയ്യുന്നതായി പരാതികൾ വന്നതോടെയാണ് ട്രായുടെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.