കാശില്ലാത്തവർക്ക് റോബോ തെറപ്പി
text_fields‘‘ചാറ്റ് ജി.പി.ടി ഞങ്ങളുടെ ബന്ധം തകർന്നുപോകാതെ കാത്തു. പങ്കാളിയുമായി എന്നും തർക്കമുണ്ടായിരുന്നു. വഴക്ക് തീർക്കാൻ ഞങ്ങൾക്ക് ചാറ്റ് ജി.പി.ടി ഏറെ സഹായകരമായി. ബന്ധങ്ങളിലെ പ്രശ്നങ്ങൾ തീർക്കാൻ തെറപ്പിയെ ആശ്രയിക്കുന്ന വൻ ചെലവ് ആവശ്യമുള്ളതിനാൽ, ഞങ്ങൾ നിഷ്പക്ഷനായ ഒരു മൂന്നാംകക്ഷിയെ (ചാറ്റ് ജി.പി.ടി) സമീപിക്കുകയായിരുന്നു.’’
● യു.എസ് ലോസ് ആഞ്ജലസിലെ ഇൻഫ്ലുവൻസർ ടാലന്റ് മാനേജർ അബെല്ല ബലയും ഡോം വേഴ്സാസിയും പറയുന്നു.
ചാറ്റ്ബോട്ട് തെറപ്പി
പങ്കാളികൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെലവു കുറവും നിഷ്പക്ഷതയുമുള്ള മൂന്നാംകക്ഷിയായി ചാറ്റ് ജി.പി.ടിയെ ആശ്രയിക്കുന്ന ട്രെൻഡ് പടിഞ്ഞാറൻ നാടുകളിൽ സജീവമാകുകയാണ്. ന്യൂയോർക്കിൽ ഒരു സെഷന് 400 ഡോളർ വരെ ചെലവുവരുന്ന മനഃശാസ്ത്ര ചികിത്സ താങ്ങാനാകാതെ പലരും എ.ഐ ചാറ്റ്ബോട്ടിനെ തെറപ്പിസ്റ്റായി ഉപയോഗിക്കുന്നു. അതേസമയം, ഈ മേഖലയിൽ നിർമിത ബുദ്ധിയുടെ വികാസം ആരംഭദശ കടന്നിട്ടില്ലാത്തതിനാൽ മുൻകരുതൽ വേണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആശയവിനിമയത്തിലെ കുറവ് കാരണമുണ്ടാകുന്ന വഴക്കുകൾ പോലുള്ള ചെറിയ പ്രശ്നങ്ങൾക്ക് റോബോ തെറപ്പിയെ ആശ്രയിക്കാമെന്നും എന്നാൽ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ധന് പകരമാവാൻ നിർമിത ബുദ്ധി ചാറ്റ്ബോട്ടുകൾ ഇനിയും വികസിക്കേണ്ടിയിരിക്കുന്നുവെന്നും ന്യൂയോർക്കിലെ അംഗീകൃത മാനസികാരോഗ്യ വിദഗ്ധൻ ആഷ്ലി വില്യംസ് അഭിപ്രായപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.