ഫേസ്ബുക്കിന് നിയന്ത്രണമേർപ്പെടുത്തി റഷ്യ
text_fieldsയുക്രെയ്ൻ അധിനിവേശത്തിനിടെ അമേരിക്കന്‍ സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നതായും റഷ്യന്‍ ഉള്ളടക്കങ്ങൾക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായും ആരോപിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് റഷ്യയുടെ തീരുമാനം. എന്നാല്‍ നിയന്ത്രണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല.
റഷ്യക്ക് അനുകൂലമായ പ്രൊഫൈലുകൾക്കും സര്‍ക്കാറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ അക്കൗണ്ടുകൾക്കും ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു എന്നാണ് ആരോപണം. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് മാതൃ കമ്പനിയായ മെറ്റയ്ക്ക് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യം മെറ്റ നിരസിച്ചതായി റഷ്യ അറിയിച്ചു. ഫേസ്ബുക്ക് റഷ്യന്‍ ഉള്ളടക്കങ്ങൾക്ക് 2020 മുതല്‍ തന്നെ നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ടെന്ന് റഷ്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ മാധ്യമങ്ങൾ പങ്കുവെക്കുന്ന വാർത്താ ഉള്ളടക്കങ്ങളുടെ വസ്തുത പരിശോധിക്കുന്നതും ലേബൽ ചെയ്യുന്നതും നിർത്തിവെക്കാൻ തങ്ങളോട് ആവശ്യപ്പെട്ടെന്നും അതാണ് നിരസിച്ചതെന്നും മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് വൈസ് പ്രസിഡന്റ് സർ നിക്ക് ക്ലെഗ് പറഞ്ഞു.
റഷ്യയിലെ സാധാരണക്കാർ അവരുടെ നിലപാടുകൾ പ്രകടിപ്പിക്കാനും സംഘടിക്കാനും തങ്ങളുടെ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും അവർ അത് തുടരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും നിക്ക് ക്ലെഗ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.