‘പിരിച്ചുവിട്ടിട്ടും അനീതി തുടരുന്നു’; ഇലോൺ മസ്കിനെതിരെ മുൻ ട്വിറ്റർ ജീവനക്കാർ
text_fields44 ബില്യൺ ഡോളർ മുടക്കി ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ, സ്ഥാപനത്തിലെ 70 ശതമാനത്തോളം തൊഴിലാളികളെ ഇലോൺ മസ്ക് പിരിച്ചുവിട്ടിരുന്നു. വലിയ വിവാദത്തിന് കാരണമായ ആ നീക്കം മസ്കിന് വീണ്ടും തലവേദനയാവുകയാണ്. ഇത്തവണ, വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് കാട്ടിയാണ് മുൻ ജീവനക്കാർ രംഗത്തുവന്നിരിക്കുന്നത്.
മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മസ്‌ക് വാഗ്ദാനം ചെയ്തിരുന്നത്. പിരിച്ചുവിട്ട് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് നഷ്ടപരിഹാരമായി അനുവദിച്ച തുക അവരിൽ ചിലർക്കെങ്കിലും ലഭിച്ചത്. എന്നാൽ, ഉടമയായ മസ്ക് വാഗ്ദാനം ചെയ്ത മൂന്ന് മാസത്തെ ശമ്പളത്തിന് പകരം, ഒരു മാസത്തെ ശമ്പളം മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ജീവനക്കാർ ആരോപിക്കുന്നു.
അതുമായി ബന്ധപ്പെട്ടുള്ള ഇ-മെയിലുകൾ സ്പാം ഫോർഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. അതേസമയം, ജീവനക്കാർക്ക് അവരുടെ പ്രൊറേറ്റഡ് പെർഫോമൻസ് ബോണസ് ലഭിച്ചിട്ടില്ലെന്നും ഫോർച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജോലി വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി മസ്‌ക്, 7,500-ഓളം വരുന്ന ട്വിറ്റർ ജീവനക്കാരിൽ നാലിൽ മൂന്ന് ഭാഗത്തെയും പിരിച്ചുവിട്ടിരുന്നു. അവർക്ക് “മൂന്ന് മാസത്തെ പിരിച്ചുവിടൽ നഷ്ടപരിഹാരം” ലഭിക്കുമെന്നായിരുന്നു ലോകകോടീശ്വരൻ അന്ന് പറഞ്ഞത്. എന്നാൽ, ബാധിക്കപ്പെട്ട ഭൂരിഭാഗം ജീവനക്കാർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ലഭിച്ചവരുടെ അക്കൗണ്ടിൽ വാഗ്ദാനം ചെയ്ത തുക എത്തിയതുമില്ല.
അതേസമയം, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ മുന്‍ ട്വിറ്റര്‍ ജീവനക്കാരും ഇതേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഭൂരിഭാഗം പേരും പ്രതിഷേധം അറിയിക്കുന്നത്.
അതിനിടെ ട്വിറ്ററില്‍ വീണ്ടും പിരിച്ചുവിടൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സിങ്കപ്പൂരിലെയും ഡബ്‌ളിനിലെയും ഓഫീസിലെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീമിലെ ജീവനക്കാരെയാണ് അവസാനമായി പുറത്താക്കിയത്. പുറത്താക്കപ്പെട്ടവരില്‍ സുപ്രധാന പദവിയിലിരിക്കുന്നവരുമുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.