തിരിച്ചുവരവ് അതിവേഗം; സാം ആൾട്ട്മാൻ വീണ്ടും ഓപൺ എ.ഐ തലപ്പത്തേക്ക്
text_fieldsവാഷിങ്ടൺ: ചാറ്റ് ജി.പി.ടി അവതരിപ്പിച്ച് ഒരു വർഷം മുമ്പ് നിർമിതബുദ്ധി വിപ്ലവത്തിന് തുടക്കംകുറിച്ച സാം ആൾട്ട്മാനെ തിരിച്ചുവിളിച്ച് ഓപൺ എ.ഐ.
പുറത്താക്കിയ ഡയറക്ടർ ബോർഡിനെതിരെ നിക്ഷേപകരും 750ഓളം വരുന്ന ജീവനക്കാരും ഒന്നിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചുവിളിക്കാൻ തീരുമാനം. ആൾട്ട്മാനെ പുറത്താക്കിയ ഡയറക്ടർ ബോർഡ് അഴിച്ചുപണിയാനും തീരുമാനമായിട്ടുണ്ട്. ആശയവിനിമയം വ്യക്തമല്ലെന്നും വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞ് വെള്ളിയാഴ്ചയാണ് സാം ആൾട്ട്മാനെ ഓപൺ എ.ഐ സി.ഇ.ഒ പദവിയിൽനിന്ന് ബോർഡ് അംഗങ്ങൾ പുറത്താക്കിയത്. എന്നാൽ, ആൾട്ട്മാനെ തിരിച്ചുവിളിക്കുകയും പുറത്താക്കിയ ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജിവെക്കുമെന്ന് ഓപൺ എ.ഐ ജീവനക്കാർ ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണ് തിരിച്ചുവിളിക്കൽ. ബ്രെറ്റ് ടെയ്‍ലർ അധ്യക്ഷനായി ബോർഡും പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
നേരത്തേയുള്ള സമിതിയിലെ മൂന്നു പേർ ബോർഡിൽനിന്ന് പുറത്തായപ്പോൾ ഡി ആഞ്ചലോ പദവി നിലനിർത്തി. നേരത്തെ, ഓപൺ എ.ഐ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റ് തങ്ങളുടെ നിർമിതബുദ്ധി ഗവേഷണങ്ങളുടെ തലപ്പത്ത് സാം ആൾട്ട്മാനെ നിയമിച്ചിരുന്നു. ഓപൺ എ.ഐ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്മാനെയും മറ്റു പ്രമുഖരെയും ഇതോടൊപ്പം സ്വന്തമാക്കി. രാജിനൽകുന്ന ജീവനക്കാരെയും ഇതേ വേതനവ്യവസ്ഥയിൽ കൂടെക്കൂട്ടാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. വൻ തിരിച്ചടി മുന്നിൽക്കണ്ട ബോർഡ് അടിയന്തര നയംമാറ്റത്തിന് തയാറാകുകയായിരുന്നു. സാൾട്ട്മാനൊപ്പം ബ്രോക്മാനും ഓപൺ എ.ഐയിലേക്ക് മടങ്ങും.
അതേസമയം, നിക്ഷേപകരെ നോക്കുകുത്തിയാക്കി ശതകോടികളുടെ വ്യവസായ സംരംഭത്തെ അപ്രതീക്ഷിത നീക്കത്തിലൂടെ അട്ടിമറിക്കാൻ ബോർഡിന് എങ്ങനെ സാധിച്ചുവെന്ന ചോദ്യം ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.