സൗദിയിൽ ജനുവരി ഒന്ന് മുതൽ ‘ടൈപ്പ്-സി’ ചാർജിങ് പോർട്ടുകൾ മാത്രം
text_fieldsഅൽ ഖോബാർ: സൗദി അറേബ്യയിൽ ഇനി മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ‘ടൈപ്പ്-സി’ ചാർജിങ് പോർട്ടുകൾ മാത്രം. രാജ്യത്തെ വിപണിയിൽ ‘യു.എസ്.ബി ടൈപ്പ്-സി’ ഏകീകൃത ചാർജിങ് പോർട്ട് മാത്രം നിശ്ചയിക്കുന്ന നിയമം ജനുവരി ഒന്ന് മുതൽ നിലവിൽ വരും. കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷനും (സി.എ.ടി.സി) സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും (എസ്.എ.എസ്.ഒ) ചേർന്നാണ് നിയമം നടപ്പാക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും അധിക ചെലവ് കുറയ്ക്കാനും ഉയർന്ന നിലവാരമുള്ള ചാർജിങ് സംവിധാനം ഒരുക്കാനുമാണ് ഈ നിയമം.
പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ നിയന്ത്രണം സഹായിക്കും. ഏകീകൃത ചാർജിങ് പോർട്ടുകൾ നടപ്പാക്കുന്നത് വഴി മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമുള്ള ചാർജിങ് പോർട്ടുകളുടെ ഉപഭോഗം ഓരോ വർഷവും 22 ലക്ഷം യൂനിറ്റുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ കാമറകൾ, ഇ-റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം കൺസോളുകൾ, ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ, ആംപ്ലിഫൈഡ് സ്പീക്കറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ മൗസ്, കൂടാതെ പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, വയർലെസ് റൂട്ടറുകൾ എന്നിവ ഉൾപ്പെടുന്നു. രണ്ടാം ഘട്ടം 2026 ഏപ്രിൽ ഒന്നിന് ആരംഭിക്കും. അതിൽ ലാപ്‌ടോപ്പുകളും ഉൾപ്പെടും. 2023 ആഗസ്റ്റ് ആറിനാണ് ഈ നിയമത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.