ഇ-ഗെയിമിന്റെ ആഗോള കേന്ദ്രമാകാൻ സൗദി അറേബ്യ; കിരീടാവകാശി ദേശീയതന്ത്രം പ്രഖ്യാപിച്ചു
text_fieldsജിദ്ദ: ഓൺലൈൻ ഗെയിമുകളുടെയും ഇ-സ്പോർട്സിന്റെയും ആഗോള കേന്ദ്രമാകാൻ സൗദി അറേബ്യ ഒരുങ്ങുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇ-ഗെയിം ദേശീയതന്ത്രം പ്രഖ്യാപിച്ചു. ഇത് പുതിയ ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുക, പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉയർന്ന തലത്തിലുള്ള വിനോദം പ്രദാനം ചെയ്യുക എന്നീ 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ചുവടുവെപ്പാണിത്.
സൗദി യുവാക്കളുടെയും ഇലക്‌ട്രോണിക് ഗെയിംസ് പ്രേമികളുടെയും ഊർജവും സർഗാത്മകതയും ഇനി ഈ വഴിക്ക് ഉപയോഗപ്പെടുത്താനാവും. 2030ഓടെ രാജ്യത്തെ ഇലക്ട്രോണിക് ഗെയിമിങ് മേഖലയുടെ ആഗോള കേന്ദ്രമാക്കുകയാണ് പരമമായ ലക്ഷ്യം. ഗെയിമിങ് തന്ത്രം പുതിയതും വ്യതിരിക്തവുമായ തൊഴിൽ അവസരങ്ങളും വിനോദാവസരങ്ങളും പ്രദാനം ചെയ്യും. ഇ-ഗെയിം ദേശീയ തന്ത്രം മൂന്ന് പ്രധാന ലക്ഷ്യങ്ങൾ ഉള്ളടങ്ങിയതാണ്. പൗരന്മാരെയും സ്വകാര്യമേഖലയെയും ലോകമെമ്പാടുമുള്ള ഇ-ഗെയിമുകളുടെ ആരാധകരെയും സാങ്കേതിക വിദഗ്ധരെയും നേരിട്ട് സ്വാധീനിക്കുന്നതാവും സൗദിയുടെ പുതിയ നയം.
ഓൺലൈൻ കളിക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവം നൽകാൻ ഇത് സഹായിക്കും. പുതിയ വിനോദാവസരങ്ങൾ നൽകും. മൊത്തത്തിൽ ജീവിത നിലവാരം ഉയരാനിടയാക്കും. കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 5,000 റിയാൽ രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് വന്നുചേരുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധി കുറക്കാൻ സഹായിക്കും. 2030-ഓടെ 39,000 ത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ഉണ്ടാവും. ആളുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യും.
സൗദി സ്റ്റുഡിയോയിൽ ആഗോളതലത്തിൽ 30-ലധികം മത്സര ഗെയിമുകൾ നിർമിക്കുന്നതിലൂടെ ആഗോള നേതൃത്വത്തിലേക്ക് എത്താനും അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സ്‌പോർട്‌സ് മേഖയിലെ മികച്ച മൂന്ന് രാജ്യങ്ങളിലേക്ക് എത്താനും സഹായിക്കും. 86 സംരംഭങ്ങളിലൂടെ ഈ തന്ത്രം നടപ്പാക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നത്. പ്രധാന ഗെയിമുകളും ഇ-സ്‌പോർട്‌സ് ഇവൻറുകൾ സംഘടിപ്പിക്കും. 20-ഓളം സർക്കാർ, സ്വകാര്യ ഏജൻസികൾ ഇതിനു പിന്നിലുണ്ടാകും.
എട്ട് ഫോക്കസ് ഏരിയകളായി തന്ത്രത്തെ തിരിച്ചിരിക്കുന്നു. സാങ്കേതികവിദ്യയും ഹാർഡ്‌വെയർ വികസനവും ഗെയിം പ്രൊഡക്ഷൻ, ഇ-സ്‌പോർട്‌സ്, സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു. അതെസമയം വിനോദം, കായികം, ഇ-ഗെയിമുകൾ എന്നിവയിൽ രാജ്യം കൈവരിച്ച നിരവധി സംരംഭങ്ങളുടെയും മികച്ച വിജയങ്ങളുടെയും തുടർച്ചയായാണ് ഈ രംഗത്ത് കിരീടാവകാശി പ്രഖ്യാപിച്ച പുതിയ തന്ത്രം. സൗദിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയാണ് ഇ-ഗെയിംസ്. അതിന്റെ പ്രേക്ഷകർ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പാക്കുന്നതോടെ സമ്പദ്വ്യവസ്ഥക്ക് വലിയ സംഭാവന നൽകുന്നതു കൂടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.