ഓഫീസിലെത്താൻ ലേറ്റായി, കാരണം ‘സ്കൂട്ടർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്’; പണി കിട്ടിയത് ഏതർ ഉടമക്ക്
text_fieldsഓഫീസിലെത്താൻ ലേറ്റായതിന് ഒരുപാട് കാരണങ്ങൾ പറയാം. ഗതാഗതക്കുരുക്കും ബ്രേക് ഡൗണും വാഹനത്തിന്റെ ടയർ പഞ്ചറായതുമൊക്കെ പതിവായി പറയാൻ കഴിയുന്ന മികച്ച കാരണങ്ങളാണ്. എന്നാൽ, അതിനെയെല്ലാം ഔട്ട് ഓഫ് ഫാഷനാക്കുന്ന പുതിയൊരു കാരണം കൂടി എത്തിയിട്ടുണ്ട്.
‘സ്കൂട്ടറിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ നടക്കുന്നതിനാലാണ്’ വൈകിയതെന്ന് ഓഫീസിൽ പറയേണ്ടിവരുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുമോ..? അവിശ്വസനീയമായി തോന്നുന്നു, അല്ലേ? എങ്കിൽ അവിശ്വസനീയമായ സാങ്കേതികവിദ്യകൾ ഉദയം കൊള്ളുന്ന ഈകാലത്ത് അതും ഒരു കാരണമായി മാറിയിരിക്കുന്നു. നോയിഡയിലാണ് സംഭവം നടന്നത്.
ഏതർ എന്ന കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ഉടമക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. ജോലിക്ക് പോകാനായി തിരക്കിട്ട് ഇറങ്ങിയതായിരുന്നു യൂട്യൂബറായ പ്രതീക് റായ്, എന്നാൽ, സ്കൂട്ടർ ഒരടി മുന്നോട്ട് പോകാൻ സമ്മതിക്കുന്നില്ല, കാരണം, വണ്ടിയുടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് ഉപയോഗിച്ചുള്ള അപ്ഡേറ്റ് ഡൗൺലോഡ് ചെയ്ത് തീരുന്നത് വരെ വണ്ടിയുടെ സ്ക്രീൻ നോക്കി നിൽക്കേണ്ടിവന്നു. ഓഫീസിലേക്ക് പോകാൻ വൈകുകയും ചെയ്തു.
എക്സിലാണ് പ്രതീക് തന്റെ അനുഭവം പങ്കുവെച്ചത്. എന്തുകൊണ്ടാണ് ലേറ്റായത് എന്നതിനുള്ള കാരണം പറഞ്ഞതും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അമ്പരന്നു. എന്തായാലും സ്കൂട്ടറിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടക്കുന്നതിന്റെ വിഡിയോയും തെളിവായി പ്രതീക് റായ് പങ്കുവെച്ചിട്ടുണ്ട്.
‘‘ഇത് പുതിയ തരം പ്രശ്നമാണ്. രാവിലെ എന്റെ ഏതർ ഓണാക്കിയതും അത് അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി. വണ്ടിക്ക് യാതൊരു അനക്കവുമില്ല, എനിക്ക് ഓഫീസിൽ പോകാനും കഴിഞ്ഞില്ല. ‘എൻ്റെ സ്കൂട്ടർ അപ്ഡേറ്റ് ചെയ്യുന്നതിനാൽ ഞാൻ ഓഫീസിൽ എത്താൻ വൈകി’ - ചിരിക്കുന്ന ഇമോജിയോടെ പ്രതീക് റായ് എക്സിൽ കുറിച്ചു.
എക്സിൽ ഇതിനകം അഞ്ച് ലക്ഷത്തോളം ആളുകൾ വിഡിയോ കണ്ടിട്ടുണ്ട്. നിരവധിയാളുകൾ പ്രതികരണവും അറിയിച്ചിട്ടുണ്ട്. ടെക്നോളജിയെ കുറിച്ച് കാര്യമായ വിവരമില്ലാത്തവർക്ക് ഇത്തരമൊരു സാഹചര്യം വന്നാലുള്ള അവസ്ഥ എന്താകുമെന്ന് ഒരാൾ ചോദിച്ചു. ഓഫീസിൽ പറയാൻ ലഭിച്ച പുതിയ കാരണം ചൂണ്ടിക്കാട്ടിയുള്ള തമാശ കലർന്ന മറുപടികളും ഏറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.