തൊഴിൽ വേണോ, വിഡിയോ ചെയ്തോളൂ; 'ഷോ റീൽ' ആപ്പുമായി 'ഹോട്ട്മെയിൽ' സ്ഥാപകൻ സബീർ ഭാട്ടിയ
text_fieldsന്യൂഡൽഹി: ജോലി തേടി അലയുകയാണോ നിങ്ങൾ. ഇനി വൈകേണ്ട, സ്വയം ഒരു വിഡിയോ ചിത്രീകരിച്ച് അത് പങ്കിട്ടാൽ മതി, ജോലിക്ക് വഴിതെളിയും. തൊഴിൽ അന്വേഷകർക്ക് സ്വപ്നജോലി കരസ്ഥമാക്കാനും കമ്പനികൾക്ക് പ്രതിഭകളെ കണ്ടെത്താനും അവസരമൊരുക്കുന്ന വിഡിയോ സന്ദേശ ആപ്പുമായി എത്തിയിരിക്കുന്നത് ആദ്യകാല ഇ-മെയിൽ സേവനമായ ഹോട്ട്മെയിലിെൻറ സ്ഥാപകനും ഇന്ത്യക്കാരനുമായ സബീർ ഭാട്ടിയയാണ്. 'ഷോ റീൽ' എന്നാണ് വിഡിയോമാധ്യമത്തിെൻറ പേര്.
കോവിഡ് മഹാമാരിയിലെ തൊഴിൽ നഷ്ടവും വിനോദത്തേക്കാളുപരിയായി തൊഴിലന്വേഷകർക്ക് ആശയവിനിമയത്തിനുള്ള പ്രഫഷനൽ വിഡിയോകൾ എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നില്ലെന്ന ചിന്തയുമാണ് പുതിയ സംരംഭത്തിലേക്ക് നയിച്ചതെന്ന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സബീർ ഭാട്ടിയ പറഞ്ഞു. നിലവിൽ പരീക്ഷണപ്പതിപ്പാണ് ഷോ റീൽ. ഇതിൽ വരുന്ന വിഡിയോകൾ ഉദ്യോഗാർഥികളെയും പ്രതിഭകളെ കണ്ടെത്താൻ ശ്രമിക്കുന്ന കമ്പനികളെയും കൂട്ടിമുട്ടിക്കും -ഭാട്ടിയ പറയുന്നു.
കമ്പനികൾ നിർദേശിക്കുന്ന യോഗ്യതകൾക്ക് അനുസൃതമായി തൊഴിലന്വേഷകർക്ക് പ്രഫഷനൽ വിഡിയോകൾ പങ്കിടാം. മറ്റ് സമൂഹ മാധ്യമങ്ങളിലും ഇത് പങ്കുവെക്കാം. ഇന്ത്യക്കാരായ 20 പേരടങ്ങിയ സംഘമാണ് ആപ് രൂപകൽപന ചെയ്തത്. ആപ്പിൾ ആപ് സ്റ്റോറിൽനിന്നും ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ പുറത്തിറക്കിയ ആപ് താമസിയാതെ യു.എസിലും ലഭ്യമാകും. സബീർ ഭാട്ടിയ സ്ഥാപിച്ച ഹോട്ട്മെയിലിനെ 1998ൽ ഏകദേശം 3000 കോടി രൂപക്കാണ് (400 മില്യൺ ഡോളർ) മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.