2025ഓടെ 10ൽ ആറു പേർക്ക് മെഷീനുകളാൽ ജോലി നഷ്ടപ്പെടുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം
text_fieldsജനീവ: മനുഷ്യർക്കൊപ്പം യന്ത്രങ്ങളും ജോലിയിൽ തുല്യമായ സമയം ചെലവഴിക്കാൻ തുടങ്ങുമ്പോൾ 2025 ഓടെ 10ൽ ആറു പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉൾപ്പെടുത്തി നടത്തിയ സർവേക്ക് ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഏതാനും വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരായിരുന്നു സർവേയിൽ പങ്കെടുത്ത 40 ശതമാനം തൊഴിലാളികളും. എന്നാൽ 56 ശതമാനം പേർ ദീർഘകാല തൊഴിലുകൾ ഭാവിയിൽ ലഭിക്കുമെന്ന് കരുതുന്നവരായിരുന്നു.
80 ശതമാനം തൊഴിലാളികൾ പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നവരും സ്വന്തം കഴിവുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നവരുമാണ്. 2020 ൽ 40 ശതമാനം തൊഴിലാളികൾ തങ്ങളുടെ ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുന്നതിന് ലോക്ഡൗണിൽ വീട്ടിലിരുന്ന കാലയളവ് ഉപയോഗപ്പെടുത്തി. 77 ശതമാനം പേർ പുതിയ കഴിവുകൾ പഠിക്കാനോ വീണ്ടും പരിശീലനം നേടാനോ തയാറാണെന്നും സർവേ വ്യക്തമാക്കുന്നു.
കോവിഡും ലോക്ഡൗൺ സൃഷ്ടിച്ച ആഘാതത്തിൽനിന്നും ഇതുവരെ ആളുകൾ കരകയറിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. യന്ത്രങ്ങളെയും നിർമിത ബുദ്ധിയെയും കൂടുതൽ ആശ്രയിക്കുന്നതിലൂടെ 85 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.