വിൻഡോസ് തകരാർ: തിരിച്ചു വരവിന് ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: വിൻഡോസ് തകരാറിനെ തുടർന്നുണ്ടായ ഐ.ടി പ്രതിസന്ധി മറികടക്കാൻ ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ. വെള്ളിയാഴ്ച വൈകീട്ടോടെ വിൻഡോസ് തകരാർ ഭാഗികമായി പരിഹരിക്കാൻ കഴിഞ്ഞുവെങ്കിലും സേവനങ്ങൾ ഇനിയും സാധാരണനിലയിലയിലായിട്ടില്ല.പൂർണമായി പ്രതിസന്ധി മറികടക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിദഗ്ധർ അറിയിക്കുന്നത്.
അതേസമയം, വിൻഡോസ് തകരാർ മൂലം വിമാനങ്ങൾ ഇനിയും വൈകുകയാണ്. ഡൽഹി, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങളുടെ വൈകിയോടൽ തുടരുകയാണ്. പ്രശ്നങ്ങൾ മൂലം ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലായി 1,400ഓളം വിമാനങ്ങൾ റദ്ദാക്കി. ബാങ്കുകളുടെയും ആശുപത്രികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഓഹരി വിപണികളുടെയും പ്രവർത്തനം തടസ്സപ്പെട്ടു.
വിൻഡോസിൽ ഉപയോഗിക്കുന്ന ക്രൗഡ്സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ സോഫ്റ്റ്വെയറിലെ തകരാറാണ് ലോകത്തെ നിശ്ചലമാക്കിയത്. അമേരിക്ക, യു.കെ, ഇന്ത്യ, ആസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇതിന്റെ ആഘാതം അനുഭവിച്ചു.
സോഫ്റ്റ്വെയർ അപ്ഡേറ്റിലെ പിഴവാണ് പ്രശ്നത്തിനിടയാക്കിയതെന്നും സൈബർ സുരക്ഷാ വീഴ്ചയോ സൈബർ ആക്രമണമോ അല്ലെന്നും ക്രൗഡ്സ്ട്രൈക്ക് സി.ഇ.ഒ ജോർജ് കുർട്സ് പറഞ്ഞു. പ്രശ്നകാരണം കണ്ടെത്തിയതായും പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും കമ്പനി അറിയിച്ചു. എങ്കിലും, ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ പ്രതിസന്ധി പൂർണമായി പരിഹരിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് കണക്കാക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചയാണ് ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ എന്ന് അറിയപ്പെടുന്ന നീല സ്ക്രീൻ കമ്പ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഹാർഡ് വെയറിലെയോ സോഫ്റ്റ്വെയറിലെയോ ഏതെങ്കിലും സാങ്കേതിക തകരാർ കാരണമാണ് ഈ സ്ക്രീൻ പ്രത്യക്ഷപ്പെടുക. തുടർന്ന് കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം ലോകത്തിന് ബോധ്യപ്പെട്ടത്. 2017 മേയ് മാസത്തിലുണ്ടായ വാന്നക്രൈ സൈബർ ആക്രമണത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ഐ.ടി പ്രതിസന്ധിയാണ് വെള്ളിയാഴ്ചയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.