ഗൂഗിളിന്റെ മുന്നറിയിപ്പ്; ‘ഞങ്ങൾക്കെതിരായ വിധി, ഇന്ത്യയിൽ ഫോണുകളുടെ വില വർധനക്ക് കാരണമാകും’
text_fieldsകോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഏറ്റവും പുതിയ വിധി ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വില വർധിക്കുന്നതിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ. വിധി, ഫോൺ ഉപയോഗിക്കുന്നവരുടെ സുരക്ഷക്ക് ഭീഷണിയാകുന്നതിനെ കുറിച്ചും അവർ മുന്നറിയിപ്പ് നൽകി. പ്ലേസ്റ്റോറിന് പകരം ആപ്പുകൾ മറ്റ് മാർഗങ്ങളിലൂടെ ഡൗൺലോഡ് ചെയ്യുന്നത് ഇന്ത്യൻ ഉപയോക്താക്കൾ സൈബർ ആക്രമണങ്ങൾക്ക് വിധേയരാകാൻ കാരണമാകുമെന്നും ആപ്പുകളുടെ സൈഡ് ലോഡിങ് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും ടെക് ഭീമൻ പറഞ്ഞു.
ആൻഡ്രോയ്ഡ് - പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് 2022-ൽ വ്യത്യസ്ത ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിൽ ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയായിരുന്നു പിഴ ചുമത്തിയത്. സ്മാർട്ട്ഫോണുകളിൽ തങ്ങളുടെ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാനായി ഗൂഗിൾ വിവിധ ബ്രാൻഡുകളുമായി ഏകപക്ഷീയമായ കാരാറുകളിൽ ഏർപ്പെട്ടതായി സി.സി.ഐ അന്ന് ആരോപിച്ചിരുന്നു.
സി.സി.ഐയുടെ ഈ നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗ്ളിന്റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളുകയും പിഴ തുകയുടെ 10 ശതമാനം ഗൂഗ്ൾ കെട്ടിവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രൈബ്യൂണൽ വിധിക്കെതിരായ ഗൂഗിളിന്റെ അപ്പീൽ കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഗൂഗിൾ പുതിയ മുന്നറിയിപ്പുമായി എത്തിയത്.
രണ്ട് വിധികളിലെയും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നിർദ്ദേശങ്ങൾ ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വില വർധിക്കുന്നതിന് ഇടയാക്കുമെന്ന് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ആൻഡ്രോയിഡിന്റെ വളർച്ചയെ അത് തടസ്സപ്പെടുത്തുമെന്നും കമ്പനി പറയുന്നു. 2008 ൽ ആദ്യമായി ആൻഡ്രോയിഡ് അവതരിപ്പിച്ചപ്പോൾ സ്‌മാർട് ഫോണുകൾ ഏറെ ചെലവേറിയതായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിർമാതാക്കൾക്ക് സ്മാർട് ഫോണുകൾ മിതമായ നിരക്കിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ടെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി. സിസിഐയുടെ ഉത്തരവ് രാജ്യത്ത് ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും അമേരിക്കൻ ടെക് ഭീമൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.