ഇന്ത്യയിൽ ഏറ്റവുംകൂടുതൽ പേർ ഉപയോഗിക്കുന്ന സമൂഹമാധ്യമം ഇതാണ്, കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
text_fieldsഇന്ത്യയിലെ സമൂഹമാധ്യമ അകൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. വാട്സ് ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ അകൗണ്ടുകളുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന സമൂഹമാധ്യമം വാട്സ്ആപ്പാണ്, 53 കോടി. 44.8കോടിയുമായി യൂട്യൂബും 41 കോടിയുമായി ഫേസ്ബുക്കും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നാലാം സ്ഥാനത്തുള്ള ഇൻസ്റ്റഗ്രാമിന് 21 കോടി അകൗണ്ടുകളാണുള്ളത്.
ഏറ്റവും കുറവ് ഉപഭോക്താക്കളുള്ള ട്വിറ്ററിന് വെറും 1.75 കോടി അകൗണ്ടുകൾ മാത്രമാണുള്ളത്. രാജ്യത്ത് സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രം വ്യാഴാഴ്ച കണക്കുകൾ പുറത്തുവിട്ടത്. ഐടി മന്ത്രി രവിശങ്കർ പ്രസാദും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും സംയുക്തമായിട്ടാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ വാർത്തകൾ, വിദ്വേഷ ഭാഷണം, സിനിമയിലെ ഗ്രാഫിക് ഇമേജറി മുതലായവയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനപ്പെട്ട സോഷ്യൽ മീഡിയകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്കകൾ ഉയർന്നതായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
പുതിയ സ്ഥിതിവിവര കണക്കുകൾ പുറത്തുവന്നതോടെ രസകരമായൊരു വിവരവും പ്രചരിക്കുന്നുണ്ട്. ട്വിറ്ററിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണമാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്. 1.75 കോടി ഇന്ത്യക്കാർ മാത്രമാണ് ട്വിറ്റർ ഉപയോഗിക്കുന്നതെങ്കിൽ മോദിക്ക് 6.6 കോടി ഫോളോവേഴ്‌സ് എങ്ങിനെ വന്നു എന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. ഇതോടെ ട്വിറ്ററാറ്റികൾ ആശയക്കുഴപ്പത്തിലായി. മോദിയുടെ 4.85 കോടിവരുന്ന ഫോളോവേഴ്‌സ് ആരാണെന്നാണ് അവർ ചോദിക്കുന്നു. ധാരാളം ആളുകൾ ഈ വിഷയത്തിൽ സംശയം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. മോദിയെ പിന്തുടരുന്നവർ വിദേശികളാണോ വ്യാജ അക്കൗണ്ടുകളാണോ എന്നാണ് അവർ ചോദിക്കുന്നത്. സർക്കാർ നൽകിയ വിവരം തെറ്റാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. മറ്റൊരു സാധ്യത ബോട്ടുകളുടെ സാന്നിധ്യമാണ്.
But @narendramodi himself has 66 million (6.6 crore) followers?
— Ankit Lal 🏹 (@AnkitLal) February 25, 2021
So, almost 4.85 crore people following the PM on Twitter are fake or foreigners? https://t.co/G9ylfdS31r
സോഷ്യൽ മീഡിയ ബോട്ട്
സോഷ്യൽ മീഡിയയിൽ ഏർപ്പെടാൻ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് പ്രോഗ്രാമുകളാണ് സോഷ്യൽ മീഡിയ ബോട്ടുകൾ. ഈ ബോട്ടുകൾ ഭാഗികമായോ പൂർണ്ണമായോ സ്വയംഭരണാധികാരത്തോടെയാണ് പ്രവർത്തിക്കുന്നത്. അവ പലപ്പോഴും മനുഷ്യ ഉപയോക്താക്കളെ അനുകരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. കൂടുതലും നെഗറ്റീവായ കാര്യങ്ങൾക്കാണ് ബോട്ടുകൾ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയയിലെ എല്ലാ അകൗണ്ടുകളുടെയും ഗണ്യമായ ശതമാനം ഇത്തരം ക്ഷുദ്ര ബോട്ടുകളാണെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു. കൃത്രിമമായി ഫോളോവേഴ്സിനെ ഉണ്ടാക്കുക ലൈക് വർധിപ്പിക്കുക തുടങ്ങിയ ലളിതകാര്യങ്ങൾക്കാണ് ബോട്ടുകൾ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.