ഇന്ത്യയിൽ യു.എസ്.ബി-സി ചാർജിങ് പോർട്ട് നിർബന്ധം; പക്ഷെ, ചിലർക്ക് ഇളവുകളുണ്ട്...!
text_fieldsയൂറോപ്യൻ യൂണിയന് പിന്നാലെ ഇന്ത്യയും രാജ്യത്ത് വിൽക്കുന്ന മൊബൈൽ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും യു.എസ്.ബി ടൈപ്-സി ചാർജിങ് പോർട്ടുകൾ നിർബന്ധമാക്കിയിരുന്നു. 2025 മാർച്ച് മുതലാണ് അത് പ്രാബല്യത്തിൽ വരുന്നത്. ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ്ങായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. നിയമം പ്രാബല്യത്തിൽ വന്നാൽ, ഐഫോണിലടക്കം ടൈപ്-സി ചാർജിങ് ഉൾപ്പെടുത്തേണ്ടിവരും.
എന്നാൽ, ഇന്ത്യയിൽ ചില ഉപകരണങ്ങൾക്ക് മാത്രം ഇക്കാര്യത്തിൽ ഇളവ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഫീച്ചർ ഫോണുകൾ, വെയറബിൾസ് (ഉദാ: സ്മാർട്ട് വാച്ച്), ഹിയറബിൾസ് (ഉദാ: ബ്ലൂടൂത്ത് ഇയർഫോൺ) എന്നിവയ്ക്കാണ് യു.എസ്.ബി ടൈപ്-സി നിർബന്ധമല്ലാതാക്കിയത്.
“മൊബൈലുകൾക്കും ഇലക്ട്രോണിക്‌സിനും യുഎസ്ബി ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ മാറ്റം ഫീച്ചർഫോണുകളുടെയും വെയറബിളുകളുടെയും ഓഡിയോ ഉത്പന്നങ്ങളുടെയും നിർമാണച്ചിലവ് വർദ്ധിപ്പിക്കുമെന്ന’’ പരാതി നിർമാതാക്കൾ ഉന്നയിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
യു.എസ്.ബി-സി പോർട്ടിലേക്ക് മാറിയാൽ ഫീച്ചർ ഫോണുകളുടെ വില വർധിപ്പിക്കേണ്ടിവരുമെന്നാണ് അവർ പറയുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് വ്യത്യസ്തമായി, 25 കോടിയോളം ഉപയോക്താക്കളുള്ള ഒരു വലിയ ഫീച്ചർഫോൺ വിപണിയാണ് ഇന്ത്യ. ഇന്ത്യയിൽ വിൽക്കുന്ന അത്തരം ഫോണുകളിലൊന്നും യു.എസ്.ബി-സി ചാർജിങ് പോർട്ടല്ല.
അതുപോലെ, സ്മാർട്ട് വാച്ചുകളുടെയും ബാൻഡുകളുടെയും ഓഡിയോ ഉത്പന്നങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. വളരെ കുറഞ്ഞ വിലകളിൽ തുടങ്ങുന്ന അത്തരം സ്മാർട്ട് ഡിവൈസുകളിൽ പല തരം യു.എസ്.ബി പോർട്ടുകളാണ്. ഭൂരിഭാഗം ഉപഭോക്താക്കളും സ്മാർട്ട്ഫോണുകളും ഐഫോണുകളും ഉപയോഗിക്കുന്ന വികസിത യൂറോപ്യൻ വിപണികളിൽ നിന്ന് ഇന്ത്യയെ ഏറെ വ്യത്യസ്തമാക്കുന്നത് ഈ കാരണങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.