നഗരങ്ങൾ 360 ഡിഗ്രിയിൽ കാണാം; ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉടൻ ഒമാനിലെത്തും
text_fieldsമസ്കത്ത്: ഒമാനിലെ റോഡുകൾ വെർച്വൽ വ്യൂ ഫീച്ചറിലൂടെ കവർ ചെയ്യുന്നതിനുള്ള പദ്ധതി ഗൂഗിൾ നടപ്പാക്കുന്നു. ഗതാഗത, ആശയ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം, നാഷനൽ സർവേ അതോറിറ്റിയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2025വരെ തുടരും. സുൽത്താനേറ്റിലെ പ്രധാന തെരുവുകളുടെയും നഗരങ്ങളുടെയും പനോരമിക് ചിത്രങ്ങളാണ് എടുക്കുക. ഇതിലൂടെ ഉപയോക്താക്കൾക്ക് ഈ തെരുവുകളുടെയും പ്രദേശങ്ങളുടെയും 360 ഡിഗ്രിയിലുള്ള ചിത്രങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങളായ മസ്കത്ത്, സുഹാർ, സലാല എന്നിവയും രണ്ടാം ഘട്ടത്തിൽ മറ്റു സ്ഥലങ്ങളും ഉൾപ്പെടുത്തും. യാത്രകളും സന്ദർശനങ്ങളും മറ്റും ആസൂത്രണം ചെയ്യുന്നവർക്ക് ഈ സംവിധാനം ഏറെ ഗുണം ചെയ്യുന്നതായിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പഠനത്തിനും വിവര ശേഖരണത്തിനുമായി ആ സ്ഥലത്തേക്ക് പോകാതെതന്നെ വെർച്വൽ ടൂറിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനും ഈ സംവിധാനം വഴിയൊരുക്കും. പനോരമ, 360 ഡിഗ്രി ചിത്രങ്ങളുടെ സഹായത്തോടെ പ്രദേശങ്ങളെ വീക്ഷിക്കാൻ കഴിയുമെന്നതാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന്റെ പ്രത്യേകത. മാപുകൾ സാധാരണ നൽകുന്ന മുകളിൽനിന്നുള്ള കാഴ്ചയിൽനിന്ന് വ്യത്യസ്തമായി കൂടുതൽ കൃത്യവും വ്യക്തവുമായ കാഴ്ച ലഭിക്കാൻ വേണ്ടിയാണ് സ്ട്രീറ്റ് വ്യൂ, ഗൂഗിൾ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.