ഇനി ഐഫോണിലും ഐപാഡിലും മാക് പിസികളിലും ‘വിൻഡോസ്’ പ്രവർത്തിപ്പിക്കാം; പുതിയ ആപ്പുമായി മൈക്രോസോഫ്റ്റ്
text_fieldsImage - Tech Takeaway
ഇനി നിങ്ങളുടെ ഐഫോണിലും ഐപാഡിലും മാക് കമ്പ്യൂട്ടറുകളിലുമൊക്കെ വിൻഡോസ് ആപ്പുകളും ഡിവൈസുകളും പ്രവർത്തിപ്പിക്കാൻ സാധിക്കും. ഹോസ്റ്റായി പ്രവർത്തിക്കാൻ ഒരു ലോക്കൽ പിസിയുടെ ആവശ്യമില്ലാതെ ആപ്പിൾ കമ്പ്യുട്ടറുകളിലടക്കം വിൻഡോസ് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഇഗ്നൈറ്റ് 2023' ലായിരുന്നു കമ്പനി വിൻഡോസ് ആപ്പ് പ്രഖ്യാപിച്ചത്.
പുതിയ ആപ്പിലൂടെ ഐഫോണിലും ഐപാഡിലും മാക്ക് ഒ.എസിലും വിവിധ ബ്രൗസറുകളിലുമെല്ലാം വിൻഡോസ് പ്രവർത്തിപ്പിക്കാൻ കഴിയും. നിലവിൽ പ്രിവ്യു ഘട്ടത്തിലുള്ള ആപ്പ്, ശരിക്കും പഴയ മൈക്രോസോഫ്റ്റ് റിമോട്ട് ഡെസ്ക്ടോപ്പിന്റെ (Microsoft Remote Desktop) റീബ്രാൻഡഡ് പതിപ്പാണ്.
വിൻഡോസ് 365, അഷ്വർ വെർച്വൽ ഡെസ്‌ക്‌ടോപ്പ്, മൈക്രോസോഫ്റ്റ് ഡെവ് ബോക്‌സ്, പേഴ്സണൽ റിമോട്ട് ഡെസ്‌ക്‌ടോപ്പ് പിസി എന്നിവയെല്ലാം ഏത് ഡിവൈസിലും ഈ ആപ്പ് വഴി പ്രവർത്തിപ്പിക്കാംം. റിമോട്ട് ഡെസ്‌ക്‌ടോപ്പ്, ആർഡിപി കണക്ഷൻ എന്നിവക്കൊപ്പം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പി.സി സേവനങ്ങൾ ഏകീകരിക്കുന്ന ഒരു കസ്റ്റമൈസ്ഡ് ഹോം സ്‌ക്രീനായാണ് ആപ്പ് പ്രവർത്തിക്കുക.
ഡെസ്‌ക്‌ടോപ്പിലും ലാപ്‌ടോപ്പിലും ടാബ്‌ലെറ്റിലും സ്മാർട്ട് ഫോണിലുമൊക്കെ ആപ്പ് ലഭ്യമാകും. കൂടാതെ വെബ് ബ്രൗസറുകൾ വഴി ഡൗൺലോഡ് ചെയ്യാതെ ഉപയോഗിക്കുകയും ചെയ്യാം. തുടകത്തിൽ ഐ.ഓ.എസ്, ഐപാഡ് ഓ.എസ്, വിൻഡോസ്, വെബ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ആപ്പ് ലഭ്യമാവുക. വൈകാതെ ആൻഡ്രോയിഡിലുമെത്തും.
നിലവിൽ മൈക്രോസോഫ്റ്റിന്റെ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമാണ് വിൻഡോസ് ആപ്പിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുക എന്നാൽ വൈകാതെ തന്നെ മറ്റ് ഉപയോക്താക്കളിലേക്കുമെത്തും.
ക്ലൗഡ് അധിഷ്ടിത സേവനങ്ങളിൽ ശ്രദ്ധചെലുത്താനുള്ള മൈക്രോസോഫ്റ്റിന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ ആപ്പുമെന്നാണ് സൂചന. ഭാവിയിൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തടസങ്ങളില്ലാതെ ക്ലൗസ് പിസികളും വിൻഡോസ് ആപ്പുകളും ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കാനാണ് അമേരിക്കൻ ടെക് ഭീമൻ ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.