സുനിത വില്യംസും വിൽമോറും 2025 ഫെബ്രുവരിയിൽ ബഹിരാകാശനിലയത്തിൽ നിന്നും മടങ്ങുമെന്ന് നാസ
text_fieldsവാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും സ്പേസ് എക്സിന്റെ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും. 2025 ഫെബ്രുവരിയിലായിരിക്കും സ്പേസ് എക്സ് ഇരുവരുമായി ബഹിരാകാശനിലയത്തിൽ നിന്നും യാത്ര തിരിക്കുക. നാസ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ തന്നെ സ്പേസ് എക്സിന്റെ പേടകത്തിലാവും ഇരുവരും മടങ്ങുകയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിരുന്നില്ല.
സ്റ്റാർലൈനറിലുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. സുരക്ഷക്കാണ് ഞങ്ങൾ ഏറ്റവും പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് സുനിത വില്യംസിന്റേയും വിൽമോറിന്റേയും ദൗത്യം 2025 ഫെബ്രുവരി വരെ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ സ്പേസ് എക്സിന്റെ പേടകത്തിൽ ഇരുവർക്കും മടങ്ങാനാകുമെന്നും നാസ പ്രതീക്ഷ പ്രകടിപ്പിച്ചു.
ജൂൺ അഞ്ചിന് എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിലെത്തിയത്. തുടർന്ന് പേടകത്തിന്റെ തകരാർ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ബഹിരാകാശനിലയത്തിലേക്കുള്ള യാത്രക്കിടയിൽ തന്നെ സ്റ്റാർലൈനിൽ തകരാറുകൾ കണ്ടെത്തിയിരുന്നു. ഹീലിയം ചോർച്ച ഉൾപ്പടെയുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയത്.
നാസയുമായുള്ള ദൗത്യത്തിന് ശതകോടികളുടെ കരാറിലാണ് ബോയിങ്ങും സ്പേസ് എക്സും ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം 4.2 ബില്യൺ ഡോളറിന്റെ കരാറിലാണ് നാസയും ബോയിങ്ങും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി നാസക്ക് 2.6 ബില്യൺ ഡോളറിന്റെ കരാറാണുള്ളത്.നാസക്ക് വേണ്ടി ഒമ്പത് ക്രൂ ഫ്ലൈറ്റുകൾ സ്പേസ് എക്സ് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ബോയിങ്ങിന്റെ ആദ്യ ദൗത്യമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.