17 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട് സ്‍പോട്ടിഫൈ
text_fieldsജനപ്രിയ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടുന്നു. തങ്ങളുടെ 17 ശതമാനം തൊഴിലാളികളെ കുറയ്ക്കാൻ പോകുന്നതായി സ്പോട്ടിഫൈ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സി.ഇ.ഒ ഡാനിയൽ എക് ആണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. കമ്പനിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പടുത്താനുമാണ് നടപടി. 2023 ജൂണിൽ, സ്‌പോട്ടിഫൈയുടെ പോഡ്‌കാസ്റ്റ് യൂണിറ്റിൽ നിന്ന് 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
കമ്പനി നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക സമ്പദ്‌വ്യവസ്ഥ അത്ര മികച്ചതല്ല. ബിസിനസ് വളർത്താൻ പണം കണ്ടെത്തുന്നതടക്കമുള്ള ചെലവുകൾ കൂടിവരികയാണ്. ഈ ഒരു സാഹചര്യത്തിലാണ് ചെലവുകൾ നിയന്ത്രിക്കുന്നതിനെ കുറിച്ചും കമ്പനിയിൽ എത്രയാളുകൾ ജോലി ചെയ്യണമെന്നതിനെ കുറിച്ചും സ്‌പോട്ടിഫൈ ആലോചിച്ചതെന്ന് ഡാനിയൽ എക് ബ്ലോഗിൽ പറഞ്ഞു.
"കമ്പനിക്ക് കാര്യമായ മാറ്റമുണ്ടാക്കുന്ന ഒരു തീരുമാനത്തിലേക്കാണ് ഞാൻ എത്തിച്ചേർന്നിരിക്കുന്നത്. ഭാവി ലക്ഷ്യങ്ങളിലേക്ക് സ്‌പോട്ടിഫൈയെ എത്തിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനുമായി കമ്പനിയിലുടനീളം ഞങ്ങളുടെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 17 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണ്. കമ്പനിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി വ്യക്തികളെ ഇത് ബാധിക്കുമെന്ന് ഞാൻ തിരിച്ചറിയുന്നു. മിടുക്കരും കഴിവുള്ളവരും കഠിനാധ്വാനികളുമായ നിരവധി ആളുകൾ നമ്മെ വിട്ടുപോകും, പിരിഞ്ഞുപോകുന്നവരെ സഹായിക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. എത്രകാലം ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക ജീവനക്കാർക്ക് ലഭിക്കുമെന്നും’’ അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.