സ്റ്റാർഷിപ് വൈകാതെ വീണ്ടും വിക്ഷേപിക്കും -ഇലോൺ മസ്ക്
text_fieldsന്യൂയോർക്: ഗ്രഹാന്തര പര്യവേക്ഷണം ലക്ഷ്യംവെച്ച് സ്പേസ് എക്സ് നിര്‍മിച്ച കൂറ്റന്‍ റോക്കറ്റ് ‘സ്റ്റാര്‍ഷിപ്’ ആദ്യ ഭ്രമണപഥ വിക്ഷേപണം പരാജയപ്പെട്ടതിൽ നിരാശയില്ലെന്ന് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് പറഞ്ഞു. വൈകാതെ ‘സ്റ്റാര്‍ഷിപ്’ വീണ്ടും വിക്ഷേപണത്തിന് തയാറാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ആറ് മുതൽ എട്ട് ആഴ്ച വരെ വേണ്ടിവരും.
റോക്കറ്റിന്റെ തകർച്ച സംബന്ധിച്ച യു.എസ് സർക്കാറിന്റെ ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ അന്വേഷണം പൂർത്തിയാകേണ്ടതുണ്ട്. ഇതിന് എത്ര ദിവസം എടുക്കുമെന്ന് അറിയില്ല. ഞങ്ങൾ കാത്തിരിക്കുകയാണ്.’’ -മസ്ക് പറഞ്ഞു. ഏപ്രിൽ 20ന് സ്റ്റാർഷിപ് വിക്ഷേപിച്ച് മൂന്നു മിനിറ്റിനകം തകർന്നുവീണിരുന്നു. വര്ഷങ്ങളെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമായിരുന്നു വിക്ഷേപിച്ചയുടനുള്ള തകർച്ച. 39 കിലോമീറ്റര്‍ ഉയരത്തിലെത്തിയതിന് ശേഷമായിരുന്നു തകർച്ച. വിക്ഷേപണത്തറ ബോംബ് വര്‍ഷിച്ചത് പോലെ തകര്‍ന്നു. അപകടകരമയ അവശിഷ്ടങ്ങള്‍ വിക്ഷേപണ കേന്ദ്രത്തിന് ചുറ്റും ചിതറിത്തെറിച്ചു.
ഇവയുണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇടപെടല്‍.
വിജയകരമായ പരാജയമെന്നാണ് ആദ്യ വിക്ഷേപണത്തെ സ്പേസ് എക്സ് വിശേഷിപ്പിച്ചത്. ഉപഗ്രഹങ്ങളും പേടകങ്ങളും മാത്രമല്ല, മനുഷ്യനെയും വഹിക്കാന്‍ സാധിക്കുന്ന കൂറ്റന്‍ വിക്ഷേപണവാഹനമാണ് സ്റ്റാർഷിപ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കാന്‍ കഴിയുന്ന റോക്കറ്റിന്, നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റത്തേക്കാള്‍ കരുത്തുണ്ടെന്നാണ് സ്പേസ് എക്സ് അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.