ആധാർ കാർഡ് നഷ്ടമായാൽ ഭയക്കേണ്ട; ദുരുപയോഗം തടയാൻ ആധാർ നമ്പറിന് പൂട്ടിടാം..
text_fieldsആധാർ കാർഡ് സംവിധാനം രാജ്യത്ത് ആരംഭിച്ചിട്ട് 11ആം വർഷത്തേക്ക് കടക്കുകയാണ് നാം. 2010 സെപ്തംബർ 29ന് മഹാരാഷ്ട്രയിലെ നന്ദർബാർ സ്വദേശിക്ക് ആദ്യത്തെ യുനീക് െഎഡൻറിഫിക്കേഷൻ നമ്പർ (യു.െഎ.ഡി) നൽകിക്കൊണ്ടായിരുന്നു ആധാറിെൻറ ഉദ്ഘാടനം. ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖ എന്ന നിലയിൽ രാജ്യത്തെ എല്ലാ പൗരൻമാർക്കും ആധാർ കാർഡ് നിർബന്ധമാണ്. ഇൻകം ടാക്സ് റിേട്ടൺ ഫയൽ ചെയ്യുന്നത് മുതൽ ഇപ്പോൾ കോവിഡ് വാക്സിൻ ബുക്ക് ചെയ്യുന്നതിന് വരെ ആധാർ ലിങ്ക് ചെയ്യൽ വേണ്ടതായുണ്ട്.
ആധാറിനുള്ള പ്രധാന്യം അറിയാവുന്ന സ്ഥിതിക്ക് അത് സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനുള്ള പ്രധാന്യം എത്രയാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ... ബാങ്ക് തട്ടിപ്പുകൾ നടത്താനും വിവരങ്ങൾ ചോർത്താനും സൈബർ കുറ്റവാളികളെ അനുവദിക്കാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യം ആധാർ നമ്പർ ചോരാതെ സൂക്ഷിക്കലാണ്. ഇനി കാർഡ് നഷ്ടമായവർക്ക് തങ്ങളുടെ യു.െഎ.ഡി നമ്പർ സൈബർ ക്രിമിനലുകൾ ഉപയോഗപ്പെടുത്തുമോ എന്ന ഭയമുണ്ടെങ്കിൽ അതില്ലാതാക്കാനുള്ള വഴിയാണ് ആധാർ ലോക്ക് ചെയ്യൽ. ആധാർ ലോക്ക് ചെയ്യുന്നതോടെ അതുപയോഗിച്ചുള്ള തട്ടിപ്പിനും ലോക്ക് വീഴും. കാർഡ് അൺലോക്ക് ചെയ്യാൻ വെർച്വൽ െഎഡി (വി.െഎ.ഡി) ആവശ്യമുണ്ട്. അതാണെങ്കിൽ കാർഡിെൻറ ഉടമയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
ആധാർ കാർഡ് ലോക്ക് ചെയ്യുന്നത് എങ്ങനെ...?
ആധാർ കാർഡ് ലോക്ക് ചെയ്യുന്നതിന് ഉപയോക്താക്കൾ നിർബന്ധമായും ഏതെങ്കിലും ഒരു ഫോൺ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. കാരണം ആ നമ്പറിൽ നിന്ന് എസ്.എം.എസ് അയച്ചാണ് കാർഡ് ലോക്ക് ചെയ്യുന്നത്.
രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്ക് ഒരു എസ്.എം.എസ് അയക്കണം. GETOTP(സ്പേസ്) ആധാർ കാർഡിെൻറ അവസാനത്തെ നാല് അക്കങ്ങൾ എന്ന ഫോർമാറ്റിലാണ് എസ്എംഎസ് അയക്കേണ്ടത്.
ഉടൻ തന്നെ യു.ഐ.ഡി.എ.ഐയിൽനിന്ന് ആറ് അക്ക ഒ.ടി.പി നമ്പർ വരും. ഒ.ടി.പി ലഭിച്ച ശേഷം LOCKUID എന്ന ഫോർമാറ്റിൽ അതേ നമ്പറിലേക്ക് തന്നെ മറ്റൊരു എസ്.എം.എസ് കൂടി അയയ്ക്കണം.
ആധാർ കാർഡിെൻറ അവസാന നാലക്ക നമ്പറും നേരത്തെ ലഭിച്ച ആറക്ക ഒ.ടി.പിയും ഇതിനൊപ്പം സ്പേസ് ഇട്ട് അയക്കണം. ( LOCKUID (സ്പേസ്) ആധാർ കാർഡിെൻറ അവസാന നാലക്ക നമ്പർ (സ്പേസ്) ആറക്ക ഒടിപി). ഇങ്ങനെ ചെയ്താൽ ആധാർ കാർഡ് ലോക്കാകും. ലോക്ക് ചെയ്താൽ ഉടൻ യു.ഐ.ഡി.എ.ഐയിൽനിന്ന് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.
ആധാർ കാർഡ് അൺലോക്ക് ചെയ്യുന്നത് എങ്ങനെ..?
ഇനി പുതിയ ആധാർ കാർഡ് ലഭിച്ചാൽ അൺലോക്ക് ചെയ്യാനുള്ള വഴി...
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് GETOTP (സ്പേസ്) ആധാർ നമ്പറിെൻറ അവസാന നാലക്കങ്ങൾ എന്ന ഫോർമാറ്റിൽ 1947ലേക്ക് എസ്.എം.എസ് അയക്കുക. അതോടെ ആറക്കമുള്ള ഒരു ഒ.ടി.പി ലഭിക്കും. ശേഷം അതേ നമ്പറിൽ മറ്റൊരു എസ്.എം.എസ് കൂടി അയക്കണം.
UNLOCKUID (സ്പേസ്) ആധാർ നമ്പറിെൻറ അവസാന നാലക്കങ്ങൾ (സ്പേസ്) ആറക്ക ഒ.ടി.പി എന്നാണ് ഫോർമാറ്റ്. അതോടെ ആധാർ അൺലോക്ക് ആയി അത് സ്ഥിരീകരിക്കുന്ന ഒരു സന്ദേശവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.