ഐഫോൺ 14-നെ ട്രോളി ആപ്പിൾ സ്ഥാപകന്റെ മകളും; ചിരിച്ചുമറിഞ്ഞ് നെറ്റിസൺസ്
text_fieldsഇത്തവണത്തെ ഐഫോൺ ലോഞ്ചിന് പിന്നാലെ ഏറ്റവും ചർച്ചയായി മാറിയത് ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ മോഡലുകൾ ആയിരുന്നു. ഐഫോൺ 13 സീരീസുമായി താരതമ്യം ചെയ്താൽ വിരലിലെണ്ണാവുന്ന മാറ്റങ്ങൾ മാത്രമാണ് ഐഫോൺ 14ൽ ഉൾകൊള്ളിച്ചിരിക്കുന്നത്. മുൻ കാമറയിലെ ഓട്ടോ-ഫോക്കസും വാഹനാപകടം തിരിച്ചറിയാൻ കഴിയുന്ന പുതിയ സെൻസറും സാറ്റലൈറ്റ് കണക്ടിവിറ്റിയും (ഇന്ത്യയിൽ പിന്തുണയില്ല) മാത്രമാണ് മാറ്റങ്ങൾ.
പൊതുവെ പുത്തൻ ഐഫോണുകൾക്ക് ഏറ്റവും പുതിയ ചിപ്സെറ്റുകളാണ് കരുത്തുപകരുക. എന്നാൽ, ഐഫോൺ 13ലെ അതേ ചിപ്സെറ്റായ എ15 ബയോണിക്കുമായാണ് ഐഫോൺ 14 വരുന്നത്. ആപ്പിൾ ഫാൻസിനെ ഏറ്റവും ചൊടിപ്പിച്ചതും അതാണ്.
ആപ്പിളിന്റെ ഈ നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ടിം കുക്കിന്റെ നേതൃത്വത്തിലുള്ള കമ്പനിയെ ട്രോളിയവരിൽ അന്തരിച്ച ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ മകളായ ഈവ് ജോബ്സുമുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഐഫോൺ 14 ലോഞ്ച് ചെയ്തതിന് പിന്നാലെ അവർ സമൂഹ മാധ്യമങ്ങളിലാണ് രസികൻ മീമുമായി എത്തിയത്.
ധരിച്ച അതേ രൂപത്തിലുള്ള ഷർട്ട് വാങ്ങി അതും കൈയ്യിലേന്തി ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന ആളുടെ ചിത്രമാണ് മീമിലുള്ളത്. അതിനൊപ്പം "ആപ്പിളിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം ഐഫാൺ 13-ൽ നിന്ന് ഐഫാൺ 14-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഞാൻ," -എന്നും ഈവ് കുറിച്ചു. എന്തായാലും സ്ഥാപകന്റെ മകൾ തന്നെ ആപ്പിളിനെ ട്രോളിയത് നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.