'ഐഫോൺ 12-ഉം 13-ഉം തമ്മിലുള്ള വ്യത്യാസം എനിക്ക് മനസിലാവുന്നില്ല'; അതൃപ്തി പ്രകടിപ്പിച്ച് ആപ്പിൾ സഹസ്ഥാപകനും
text_fieldsആപ്പിൾ അവരുടെ അടുത്ത തലമുറ ഐഫോൺ 13 സീരീസും ആപ്പിൾ വാച്ച് സീരീസ് 7-ഉം അവതരിപ്പിച്ചത് ഈ വർഷം സെപ്തംബർ 14നായിരുന്നു. 13-ാമനിൽ കമ്പനി ചില സുപ്രധാന ഫീച്ചറുകൾ കൊണ്ടുവന്നിരുന്നു. എന്നാൽ, നോച്ച് ചെറുതായി ചുരുക്കുകയും പിൻ ക്യാമറ ലെൻസുകളുടെ വിന്യാസം മാറ്റിയതുമൊഴിച്ചാൽ രൂപകൽപ്പനയിൽ മുൻ മോഡലുമായി കാര്യമായ മാറ്റമൊന്നും തന്നെയില്ല.
ആപ്പിളിന്റെ സഹസ്ഥാപകനും അന്തരിച്ച സ്റ്റീവ് ജോബ്സിന്റെ ഉറ്റ ചങ്ങാതിയുമായ സ്റ്റീവ് വോസ്നിയാകും, ഈ വർഷത്തെ ഐഫോൺ 13 മോഡലുകളോടും ആപ്പിൾ വാച്ച് സീരീസ് 7നോടുമുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്.
പഴയ ഐഫോണുകളും ഏറ്റവും പുതിയ ഐഫോൺ 13-ഉം തമ്മിലുള്ള വ്യത്യാസം തനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് യാഹൂ ഫിനാൻസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 'എനിക്ക് പുതിയ ഐഫോൺ ലഭിച്ചിരുന്നു. മുൻ മോഡലുമായി അതിന് എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതിലുള്ള സോഫ്‌റ്റ്‌വെയർ പഴയ ഐഫോണുകൾക്കും ലഭിക്കും. അത് നല്ലൊരു കാര്യമാണെന്ന് ഞാൻ കരുതുന്നു. -വോസ്നിയാക് പറഞ്ഞു. പുതിയ ആപ്പിൾ വാച്ചും സീരീസ് 6-ൽ നിന്നും വ്യത്യസ്തമായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കമ്പനി 2021-ന്‍റെ നാലാം പാദത്തിൽ പ്രതീക്ഷിച്ച വരുമാനം നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും, അഭിമുഖത്തിനിടെ വോസ്നിയാക് ആപ്പിളിനെ അഭിനന്ദിച്ചു. ''സ്വന്തം പേര് നിലനിർത്താൻ കഴിയുന്ന വിധത്തിൽ ആപ്പിൾ ഒരു ആരോഗ്യകരമായ കമ്പനിയായതിൽ സന്തോഷമുണ്ടെന്ന്'' -വോസ്നിയാക് പറഞ്ഞു. സമീപകാലത്ത് 'മെറ്റ' എന്ന പേരിലേക്ക് റീബ്രാൻഡിങ് നടത്തിയ ഫേസ്ബുക്കിനിട്ട് കൊട്ടുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.