'സ്വകാര്യതാ നയം നടപ്പിലാക്കുന്നതിൽ നിന്ന് വാട്സ്ആപ്പിനെ തടയണം' ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം
text_fieldsന്യൂഡൽഹി: ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നതിൽ നിന്ന് വാട്സ്ആപ്പിനെ തടയണമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയോട് ആവശ്യപ്പെട്ടു. സിമ സിങ്, മേഘൻ സിങ് എന്നിവർ നൽകിയ ഹരജിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം സത്യവാങ്മൂലം നൽകിയത്. 2011ലെ ഐ.ടി ചട്ടങ്ങൾ ലംഘിക്കുന്നതാണ് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയമെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ പറഞ്ഞു.
മാതൃ കമ്പനിയായ ഫേസ്ബുക്കുമായി തങ്ങളുടെ പലവിധ വിവരങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉടലെടുത്തതോടെ വാട്സ്ആപ്പിന് യൂസർമാരിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. പലരും സിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് ചേക്കേറിയാണ് പ്രതിഷേധമറിയിച്ചത്.
നേരത്തെ, സ്വകാര്യതനയത്തിലെ മാറ്റങ്ങൾ പിൻവലിക്കണമെന്ന് വാട്സ്ആപ്പിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യതാ നയത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സ്വീകാര്യമല്ലെന്നും മാറ്റങ്ങളില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു വാട്ആപ്പിനയച്ച കത്തിൽ സർക്കാർ നിർദേശിച്ചത്. എന്നാൽ, തങ്ങളുടെ പ്രഖ്യാപനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച തീരുമാനത്തിലാണ് അമേരിക്കൻ മെസ്സേജിങ് ആപ്പ്. അതിന്‍റെ ഭാഗമായി അവർ, ഇതുവരെ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് മെയ് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷവും സമ്മതമറിയിച്ചില്ലെങ്കിൽ വാട്സ്ആപ്പ് സേവനം നഷ്മാവും എന്നാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.