‘ചാറ്റ്ജിപിടി ചെയ്ത ഹോംവർക്കുമായി ഏഴാം ക്ലാസുകാരൻ പിടിയിൽ’; വിനയായത് ഒരു വാചകം..
text_fieldsചാറ്റ്ജിപിടി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചാറ്റ്ബോട്ടാണ് ഇപ്പോൾ ടെക് ലോകത്തെ ഹോട്ട് ടോപിക്ക്. എ.ഐയുടെ സഹായത്തോടെ നമ്മളോട് ടെക്സ്റ്റ് രൂപത്തില്‍ ആശയ വിനിമയം നടത്താന്‍ കഴിയുന്ന ചാറ്റ് ബോട്ടിന് കഥയും കവിതയും ഉപന്യാസവുമൊക്കെ തയ്യാറാക്കി തരാൻ കഴിയും. സ്കൂളിൽ നിന്ന് ടീച്ചർ പറഞ്ഞേൽപ്പിക്കുന്ന ഹോംവർക്കും ചെയ്തു തരും. നമ്മൾ വിഷയം മാത്രം നൽകിയാൽ മതി.
എന്നാൽ, വിദ്യാർഥികൾ ഹോംവർക്കിനും മറ്റും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത് അത്ര നല്ല ഏർപ്പാടല്ല, കാരണം, എ.ഐ ചാറ്റ്ബോട്ടിനെ പൂർണ്ണമായും വിശ്വസിക്കാനാവില്ല. ചാറ്റ്ബോട്ട് തെറ്റായ വിവരങ്ങളും മറ്റ് പിശകുകളും വരുത്താനിടയുണ്ട്. തന്റെ ഹോംവർക്ക് ചാറ്റ്ജിപിടിയെ ഏൽപ്പിച്ച വിദ്യാർഥിക്ക് കിട്ടിയ പണി ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. ഇന്ത്യയിൽ തന്നെയാണ് സംഭവം.
ഏഴാം ക്ലാസുകാരനാണ് ഇംഗ്ലീഷ് ടീച്ചർ നൽകിയ ഹോംവർക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച് ചെയ്തത്. കുട്ടി എ.ഐ ചാറ്റ്ബോട്ട് ഉപയോഗിച്ചെന്ന് കണ്ടെത്താൻ ടീച്ചറെ സഹായിച്ചത് ഹോംവർക്കിലെ ഒരു വാചകമായിരുന്നു. ട്വിറ്റർ യൂസർ റോഷൻ പട്ടേലാണ് തന്റെ കുഞ്ഞു കസിൻ അർജുന്റെ കഥ പങ്കുവെച്ചത്. ‘‘എന്റെ ചെറിയ കസിൻ അർജുൻ തന്റെ ഏഴാം ക്ലാസിലെ ഇംഗ്ലീഷ് ഹോംവർക്കിനായി ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടു,” പട്ടേൽ ഹോംവർക്കിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ഒരു പേപ്പറിൽ എഴുതിയ കുറച്ച് പോയിന്റുകളാണ് ചിത്രം കാണിക്കുന്നത്. എന്നാൽ, അതിൽ ഒരു വരി ഹൈലൈറ്റ് ചെയ്‌തിരിക്കുന്നു, "ഒരു എ.ഐ ഭാഷാ മോഡൽ എന്ന നിലയിൽ, എനിക്ക് വ്യക്തിപരമായ പ്രതീക്ഷകളോ അഭിപ്രായങ്ങളോ ഇല്ല ('As an AI language model, I don't have personal expectations or opinions.'')." ടീച്ചർ നൽകിയ ഹോംവർക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച് ചെയ്ത ഏഴാം ക്ലാസുകാരൻ, അത് അപ്പടി പകർത്തി എഴുതിയപ്പോൾ ആ ഒരു ഭാഗം ഒഴിവാക്കാൻ മറക്കുകയുമായിരുന്നു.
കൂടാതെ, ഹോംവർക്കിൽ വന്ന ‘poignant’ എന്ന പദവും ടീച്ചർ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ‘തീവ്രമായ’ എന്ന് അർഥം വരുന്ന പദം ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥി ഉപയോഗിച്ചതിലുള്ള ആശ്ചര്യം പങ്കുവെക്കുകയായിരുന്നു അധ്യാപകൻ. ജൂൺ ഒന്നിന് പങ്കുവെക്കപ്പെട്ട ട്വീറ്റ് ഇതിനകം 1.2 ദശലക്ഷത്തോളം ആളുകൾ കണ്ടിട്ടുണ്ട്. എന്തായാലും പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഇപ്പോഴും റോഷൻ പട്ടേലിന്റെ ട്വീറ്റിന് വന്നുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.