വിദ്യാർഥികളറിയാൻ; ചാറ്റ് ബോട്ട് നല്ല കൂട്ടാണ്, പക്ഷേ...
text_fieldsഎ.ഐ ടൂളുകൾ, വിശേഷിച്ചും ചാറ്റ് ബോട്ടുകൾ, കൂടുതലായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, ചില കാര്യങ്ങളിൽ ശ്രദ്ധവേണം. പ്രത്യേകിച്ചും വിദ്യാർഥികൾക്ക്. ഏതൊരു കാര്യവും അന്വേഷിക്കുന്നതിന് ആദ്യമേ ചാറ്റ് ബോട്ടിനെയും മറ്റും ആശ്രയിക്കുന്ന പ്രവണത കൂടുതലായിട്ടുണ്ട്. ഇത് മനുഷ്യന്റെ സ്വാഭാവികമായ ‘വിമർശനാത്മക ചിന്താശേഷി’യെ (ക്രിറ്റിക്കൽ തിങ്കിങ്) പ്രതികൂലമായി ബാധിക്കുമത്രെ. ബ്രിട്ടനിൽ മൈക്കല്‍ ഗെര്ലിച്ച് എന്ന സാമൂഹിക ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എ.ഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളിൽ വിമര്‍ശനാത്മക ചിന്താശേഷി കുറഞ്ഞുവരുന്നതായി പഠനം വ്യക്തമാക്കുന്നു.
സൊസൈറ്റീസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ‘എ.ഐ ടൂള്‍സ് ഇന്‍ സൊസൈറ്റി: ഇംപാക്ട്സ് ഓണ്‍ കൊഗ്നിറ്റിവ് ഓഫ്ലോഡിങ് ആൻഡ് ദി ഫ്യൂച്ചര്‍ ഓഫ് ക്രിട്ടിക്കല്‍ തിങ്കിങ്’ എന്ന പഠനത്തിൽ ഗവേഷണ ഫലം പൂർണമായി അവലോകനം ചെയ്യുന്നുണ്ട്. ലണ്ടനിലെ പ്രമുഖ കലാലയങ്ങളിലടക്കം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഓരോ വ്യക്തിയും അവരുടെ കാര്യങ്ങൾ ഓർത്തെടുക്കാനും ചില വിഷയങ്ങൾ അപഗ്രഥിക്കാനുമെല്ലാം ആദ്യമേ എ.ഐ ടൂളുകളെ ആശ്രയിക്കും. കൊഗ്നിറ്റിവ് ഓഫ്ലോഡിങ് എന്നാണ് ഈ പ്രവണത അറിയപ്പെടുക. നിരന്തരമായി ഇത് ആവർത്തിക്കുമ്പോൾ ക്രിറ്റിക്കൽ തിങ്കിങ് കുറയും. കോഗ്നിറ്റിവ് ഓഫ് ലോഡിങ് വിമർശനാത്മക ചിന്തയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എ.ഐ ഏറെ ഉപകാരപ്രദമായൊരു സാങ്കേതിക വിദ്യയാണെങ്കിലും മനുഷ്യന്റെ ചിന്താശേഷിയെ മറികടക്കുന്ന ചില ദൂഷ്യവശങ്ങളും അതിനുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്. അതിനാൽ, ഇത്തരം സാങ്കേതിക വിദ്യകളിൽ വിമര്‍ശനാത്മക പഠന പരിപാടികള്‍ നടത്തേണ്ടത് ആവശ്യമാണെന്നും ഗെര്ലിച്ച് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.