സൂപ്പർ ഹോഴ്സ്; ഓടും ചാടും കുന്നുകയറും
text_fieldsനാല് ചക്രമുള്ള ഓഫ്റോഡ് വാഹനം പോകാത്തിടത്തേക്കൊക്കെ പോകും. ഓടും ചാടും ദുർഘടമായ ഏതു കുന്നും ഈസിയായി കയറും ഇറങ്ങും. പറഞ്ഞുവരുന്നത് മനുഷ്യന് ഓടിക്കാൻ കഴിയുന്ന ഒരു യന്ത്രക്കുതിരയെ കുറിച്ചാണ്. ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ കാവാസാക്കിയാണ് നാലുകാലുള്ള ഓഫ്റോഡ് വാഹനമായ ‘കോര്‍ലിയോ’യെ അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസമാദ്യം നടന്ന ഒസാക്ക കൻസായി എക്സ്പോയിലാണ് കോര്‍ലിയോ താരമായത്.
മോട്ടോര്‍ സൈക്കിളിങ്ങിന്റെ ഊർജവും നൂതന റോബോട്ടിക്സ് സാങ്കേതികവിദ്യയും എ.ഐയുമൊക്കെ സംയോജിപ്പിച്ചാണ് ഹൈഡ്രജന്‍ പവറിൽ പ്രവർത്തിക്കുന്ന കോര്ലിയോയെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. രണ്ടു പേർക്കിരുന്ന് യാത്രചെയ്യാവുന്ന കുതിരയെ ഓർമിപ്പിക്കുമെങ്കിലും മാനിന്റെയും ചെന്നായയുടെയും ചീറ്റപ്പുലിയുടെയുമൊക്കെ ചലനങ്ങൾ കോര്‍ലിയോ കടമെടുത്തിട്ടുണ്ട്.
സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ഓഫ്റോഡ് റൈഡിങ് അനുഭവമാണ് ഈ ‘യന്ത്രക്കുതിര’ നൽകുക. വാഹനങ്ങളിലെ ചക്രങ്ങള്‍ക്ക് പകരം ഓഫ് റോഡിങ് ശേഷിയുള്ള കാലുകൾ ഉപയോഗിച്ചാണ് ഇത് സഞ്ചരിക്കുക. കാലുകളിലെ റബര്‍കൊണ്ട് നിർമിച്ച കുളമ്പ് പുല്ല്, ചരല്, പാറ തുടങ്ങിയ പ്രതലങ്ങളില്‍ പൊരുത്തപ്പെടുന്നതിന് സജ്ജമാക്കപ്പെട്ടവയാണ്. കുത്തനെയുള്ള ചരിവുകളും പടികളും കയറുമ്പോള്‍ പോലും റൈഡറുടെ ശരീരം നേരെ ഇരിക്കുന്ന രീതിയിൽ നിലനിർത്തും വിധമാണ് കോര്ലിയോയുടെ ചുവടുകൾ ക്രമീകരിച്ചിരിക്കുന്നത്. ലെഗ് മൗണ്ടഡ് യൂനിറ്റുകള്‍ക്ക് ശക്തിപകരുന്നത് 150 സി.സി ഹൈഡ്രജന്‍ എൻജിന് ആണ്. കുറഞ്ഞ കാർബൺ എമിഷനും കുറഞ്ഞ ശബ്ദവുമാണ് കാവാസാക്കി വാഗ്ദാനം ചെയ്യുന്നത്.
രാത്രി യാത്രകള്‍ക്ക് മുന്നിലും പിന്നിലും ആവശ്യത്തിന് ലൈറ്റുകളും ഉണ്ട്. വാഹനത്തിലെ സെന്‍സറുകള്‍ റൈഡറുടെ ചലനങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കും. ഹെഡ്സ് അപ് ഡിസ്പ്ലേയിൽ ഹൈഡ്രജൻ ലെവൽ, നാവിഗേഷൻ ഡീറ്റെയിൽസ് എന്നിവയൊക്കെ തെളിഞ്ഞുവരും. 2050ഓടെ ഗതാഗത മാര്‍ഗങ്ങളില്‍ വന്നേക്കാവുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ടാണ് കോര്ലിയോയെ കാവാസാക്കി അണിയിച്ചൊരുക്കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.