ഗൂഗിളിനെ സുപ്രീം കോടതിയും കൈവിട്ടു
text_fieldsനിരവധി ആരോപണങ്ങളുയർത്തി അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിനെതിരെ രാജ്യത്ത് കടുത്ത നടപടികളാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. 2022ൽ മാത്രം അവർക്കെതിരെ പിഴയായി ചുമത്തിയിരിക്കുന്നത് 2273 കോടി രൂപയാണ്. ആൻഡ്രോയിഡ് മൊബൈൽ പ്ലാറ്റ്‌ഫോമിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയും, അതുപോലെ പ്ലേ സ്റ്റോർ വഴി അവർക്കുള്ള മേധാവിത്വം ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയുമാണ് സി.സി.ഐ പിഴ ചുമത്തിയത്.
സി.സി.ഐയുടെ ഈ നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗ്ളിന്റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളുകയും പിഴ തുകയുടെ 10 ശതമാനം കെട്ടിവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. അതിനെതിരെ ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധി, ഇന്ത്യയിൽ ആൻഡ്രോയ്ഡിന്റെ വളർച്ചയെ കാര്യമായി ബാധിക്കുമെന്നും കൂടാതെ, രാജ്യത്ത് സ്മാർട്ട്ഫോണുകളുടെ വില വർധിക്കുന്നതിലേക്ക് നയിക്കുമെന്നൊക്കെ ഗൂഗിൾ അവകാശപ്പെടുകയും ചെയ്തു.
എന്നാൽ, സുപ്രീം കോടതി ഇന്ന് (വ്യാഴാഴ്ച) ഗൂഗിളിന്റെ ഹരജി തള്ളി രംഗത്തെത്തി. അതേസമയം, പിഴയുടെ 10% കെട്ടിവെക്കാൻ സുപ്രീം കോടതി ഗൂഗിളിന് ഒരാഴ്ചത്തെ സമയം നീട്ടി നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഗൂഗിളിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചത്. ഈ വർഷം മാർച്ച് 31-നകം സി.സി.ഐയുടെ ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീൽ തീർപ്പാക്കാൻ ട്രൈബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മൂന്ന് പ്രവൃത്തി ദിവസത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ യുഎസ് കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മാറ്റാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിൾ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാനായി അമേരിക്കൻ ടെക് ഭീമൻ വിവിധ ബ്രാൻഡുകളുമായി ഏകപക്ഷീയമായ കാരാറുകളിൽ ഏർപ്പെട്ടെന്നാണ് സി.സി.ഐ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.