‘റിക്ഷ വലിക്കും റോബോട്ട്’; 30,000 രൂപക്ക് 25 ദിവസം കൊണ്ട് വിദ്യാർഥികൾ നിർമിച്ച യെന്തിരൻ - വിഡിയോ
text_fieldsസൂറത്തിലെ നാല് വിദ്യാർഥികൾ ചേർന്ന് നിർമിച്ച പുതിയ റോബോട്ട് ശ്രദ്ധ നേടുകയാണ്. മനുഷ്യനെപ്പോലെ നടക്കാനും റിക്ഷ വലിക്കാനും കഴിയുന്ന റോബോട്ടിനെയാണ് വിദ്യാർഥികൾ രൂപകല്പന ചെയ്തിരിക്കുന്നത്. ഭാവിയിൽ വിവിധ മേഖലകളിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും വിധമാണ് റോബോട്ടിനെ വിദ്യാർഥികൾ നിർമിച്ചിരിക്കുന്നത്.
വെറും 25 ദിവസങ്ങളെടുത്ത് നിർമിച്ച റോബോട്ടിന് ഇതുവരെ ചിലവായത് 30,000 രൂപ മാത്രമാണ്. അവിശ്വസനീയമായ ഈ നേട്ടം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റും തരംഗമായിക്കൊണ്ടിരിക്കുകയാണ്. റോബോട്ടിന്റെ മുകൾഭാഗം ഇപ്പോൾ ഒരു ഡിസൈൻ ഘടകം മാത്രമാണ്, എന്നാൽ വിദ്യാർത്ഥികൾ കൂടുതൽ സവിശേഷതകൾ ഉടൻ തന്നെ ചേർക്കാൻ പദ്ധതിയിടുന്നുണ്ട്. അതിലൂടെ റോബോട്ടിനെ കൂടുതൽ വ്യാപകമായി ഉപയോഗിക്കാനാകും.
മനുഷ്യന്റെ കാലുകളെക്കുറിച്ചും അവ നടക്കുന്ന രീതിയെക്കുറിച്ചും ആഴത്തിൽ പഠിച്ച ശേഷമാണ് റോബോട്ട് രൂപകൽപന ചെയ്തതെന്ന് പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളിലൊരാളായ മൗര്യ ശിവം പറഞ്ഞു. റോബോട്ടിനെ റോഡിലൂടെ നടത്തിയുള്ള പരീക്ഷണങ്ങൾ വിജയകരമായ പൂർത്തിയാക്കിയതായും മൗര്യ പറഞ്ഞു.
“ഇതാണ് ഞങ്ങൾ റോഡിൽ പരീക്ഷിച്ച ഞങ്ങളുടെ പ്രോട്ടോടൈപ്പ്. ഇത് ഇതുവരെ പൂർത്തിയായിട്ടില്ല, അതിന്റെ കാൽ, കൈ, തല, മുഖം എന്നീ ഭാഗങ്ങളിൽ ഇനിയും ജോലികൾ ചെയ്യാനുണ്ട്. ഒരു സാധാരണ മനുഷ്യൻ എങ്ങനെ നടക്കുന്നുവോ അതുപോലെ തന്നെ ഇതിനെ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചു, ” - മൗര്യ പി.ടി.ഐയോട് പറഞ്ഞു.
റോബോട്ടിന്റെ നിർമാണ വിഡിയോ കാണാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.