ജാഗ്രതൈ..! പ്രതിദിനം നിങ്ങളുടെ ഫോണിലേക്ക് വരുന്നത് 12 തട്ടിപ്പു സന്ദേശങ്ങൾ; പിന്നിൽ എ.ഐ
text_fieldsസൈബർ കുറ്റവാളികളുടെ പ്രിയപ്പെട്ട വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം. ദിനേനെയെന്നോണം കോടിക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പുകളാണ് രാജ്യത്ത് നടക്കുന്നത്. സ്മാർട്ട്ഫോൺ മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെയാണ് സൈബർ കുറ്റവാളികൾക്ക് അവരുടെ ജോലി എളുപ്പമായത്.
ഒരു സമീപകാല സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർക്ക് പ്രതിദിനം ഏകദേശം 12 സ്‌കാം ടെക്‌സ്‌റ്റുകളോ ഇമെയിലുകളോ ആണ് ലഭിക്കുന്നത്. തട്ടിപ്പാണെന്ന് മനസിലാകാത്ത വിധത്തിൽ തയ്യാറാക്കപ്പെടുന്ന അത്തരം സന്ദേശങ്ങൾ പിന്നീട് വലിയ സമ്മർദ്ദത്തിനും സാമ്പത്തിക ബുദ്ധിമുട്ടിനും ഇടയാക്കുന്നു, സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായി ഉപഭോക്താക്കൾ ഓരോ ആഴ്ചയും ശരാശരി 1.8 മണിക്കൂറാണ് ചെലവഴിക്കുന്നത്.
ആന്റിവൈറസ് സോഫ്റ്റ്വെയറായ മക്കഫി (McAfe) ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലായി ഈ വർഷം 7,000 മുതിർന്ന ആളുകളിൽ നടത്തിയ സർവേ പ്രകാരമുള്ള പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. നിർമിത ബുദ്ധി (AI) ഉപയോഗിച്ചുള്ള തട്ടിപ്പ് സന്ദേശങ്ങളുടെ വർധിച്ചുവരുന്ന സങ്കീർണ്ണതയെക്കുറിച്ച് പഠനം വെളിപ്പെടുത്തുന്നു. എ.ഐ സൃഷ്ടിക്കുന്ന സന്ദേശങ്ങളുടെ യാഥാർഥ്യം കണ്ടെത്തുന്നത് എല്ലാവർക്കും എളുപ്പമാകണമെന്നില്ല. അതുകൊണ്ട് തന്നെ സൈബർ ആക്രമണങ്ങൾക്ക് കൂടതലായും ഇരയാകുന്നത് സാധാരണക്കാരായ ആളുകളാണ്.
എ.ഐ-അധിഷ്ഠിത സ്കാമുകളുടെ വർധിച്ചുവരുന്ന തരംഗത്തെ ചെറുക്കുന്നതിനായി എ.ഐ-അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങളുടെ അടിയന്തിര ആവശ്യകതയെ പഠനം അടിവരയിടുന്നു. അതുപോലെ, സ്‌കാം സന്ദേശങ്ങളുടെ അമിതമായ വരവ് കാരണം അവയുടെ ആധികാരികത വിലയിരുത്തുന്നതിന് ശരാശരി ഇന്ത്യക്കാരൻ ഓരോ ആഴ്ചയും 105 മിനിറ്റുകൾ ചെലവഴിക്കേണ്ടി വരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
തങ്ങൾ വ്യാജ സന്ദേശങ്ങളിൽ വീഴുകയോ അതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 82 ശതമാനം ഇന്ത്യക്കാരും സമ്മതിക്കുന്നുണ്ട്. അക്ഷരത്തെറ്റുകളുടെയോ മറ്റ് പിശകുകളുടെയോ അഭാവം കാരണം സന്ദേശങ്ങൾ തട്ടിപ്പാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് പലരും പറയുന്നു.
ചില തട്ടിപ്പുരീതികൾ - സന്ദേശങ്ങളായി ലഭിക്കുന്നവ
- “You’ve won a prize!” - സമ്മാനം ലഭിച്ചുവെന്ന് കാട്ടി എത്തുന്ന സന്ദേശങ്ങളാണ് ഏറ്റവും കൂടതൽ പേർക്ക് ലഭിക്കുന്നത്. അതിന് താഴെ ഒരു ലിങ്കും നൽകിയിട്ടുണ്ടാകും. അതിൽ തൊടുന്നതോടെ തട്ടിപ്പുകാരുടെ കെണിയിൽ വീഴും.
- നിങ്ങൾ നടത്താത്ത ഒരു പർച്ചേസിന്റെ വിവരങ്ങൾ ഉൾപ്പെടുന്ന സന്ദേശം
- നിങ്ങൾ ഓൺലൈനിൽ പർചേസ് ചെയ്യാത്ത സാധനത്തിന്റെ ഡെലിവറി പ്രതിസന്ധി നേരിടുകയാണെന്ന് കാട്ടിയുള്ള സന്ദേശം.
- ആമസോൺ സുരക്ഷാ അലേർട്ട്, അല്ലെങ്കിൽ അക്കൗണ്ട് അപ്ഡേറ്റുകൾ സംബന്ധിച്ച അറിയിപ്പ് സന്ദേശങ്ങൾ
- നിങ്ങൾ അക്കൗണ്ട് എടുത്തിരിക്കുന്ന ബാങ്കുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങൾ. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനും, അതിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഫിൽ ചെയ്ത് നൽകാനുമൊക്കെ ആവശ്യപ്പെട്ടേക്കാം. ആദ്യം ബാങ്കിൽ വിളിച്ച് സ്ഥിരീകരിച്ചതിന് ശേഷം മാത്രം കാര്യങ്ങൾ ചെയ്യുക.
- ഫ്ലിപ്കാർട്ട് - ആമസോൺ പോലുള്ള ഇ-കൊമേഴ്സ് സൈറ്റുകളുടെ Spin and Win ഓഫറുകളിലൂടെ വലിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങൾ - ഇവ വാട്സ്ആപ്പിലൂടെ പലർക്കും അവരുടെ സുഹൃത്തുക്കൾ അയച്ചുനൽകാറാണ് പതിവ്. തട്ടിപ്പിന് ഇരയായവരാണ് മറ്റുള്ളവർക്ക് അയക്കുന്നത്.
- ഗൾഫ് രാജ്യങ്ങളിലെ ലുലു പോലുള്ള ഷോപ്പിങ് മാളുകളിലെ ഫെസ്റ്റിവൽ സെയിലുകളുമായി ബന്ധപ്പെട്ടുള്ള ഭീമൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള ഫിഷിങ് തട്ടിപ്പുകളും ഇപ്പോൾ സന്ദേശങ്ങളായി പ്രചരിക്കുന്നുണ്ട്.
കോളിലൂടെ വരുന്ന പണി
പുതിയൊരു തട്ടിപ്പ് ഇപ്പോൾ പ്രചാരത്തിലുണ്ട്. സൈബർ കുറ്റവാളികൾ അതിനായി ഉപയോഗിക്കുന്ന ആയുധം കോൾ ഫോർവാഡിങ്ങാണ്. നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകൾ മറ്റൊരു ഫോണിലേക്ക് വഴിതിരിച്ചുവിടാനാണ് കോൾ ഫോർവാഡിങ് ഫീച്ചർ ഉപയോഗിക്കുന്നത്. ഇപ്പോൾ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഒ.ടി.പി നമ്പർ ഫോൺ കോളിലൂടെ പങ്കുവെക്കുന്ന രീതി പല ആപ്പുകളും പിന്തുടരുന്നുണ്ട്. വാട്സ്ആപ്പിലടക്കം ആ ഫീച്ചറുണ്ട്.
കോൾ ഫോർവാഡിങ് ഓൺ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലേക്ക് ഒ.ടി.പി കോളുകൾ മറ്റൊരാൾക്ക് അറ്റൻഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഫോണിൽ ആരെങ്കിലും കോൾ ഫോർവാഡിങ് ഓൺ ചെയ്തിട്ടുണ്ടെങ്കിൽ അത് ഓഫ് ചെയ്യാനായി ##002# എന്ന് ടൈപ് ചെയ്ത് കോൾ ബട്ടൺ പ്രസ് ചെയ്തുനോക്കുക.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അത് പരിഹരിക്കണമെങ്കിൽ ചില വിവരങ്ങൾ ഉടൻ പങ്കുവെക്കാനും ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന ഫോൺ കോളുകളിൽ വീഴരുത്. ഒ.ടി.പി ആവശ്യപ്പെട്ട് കൊണ്ട് ഒരു ബാങ്കും നിങ്ങളെ വിളിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.