അധ്യാപകൻ വികസിപ്പിച്ച 'ആൻഡ്രോയ്ഡ് കുഞ്ഞമ്മ' ഒമ്പത് ഇന്ത്യൻ ഭാഷകളും 38 വിദേശ ഭാഷകളും സംസാരിക്കും
text_fieldsഇന്ത്യയിലെ ഒമ്പത് പ്രാദേശിക ഭാഷകളും 38 വിദേശ ഭാഷകളും സംസാരിക്കുന്ന റോബോട്ടിനെ വികസിപ്പിച്ച് അധ്യാപകൻ. ഐ.ഐ.ടി ബോംബെ കേന്ദ്രീയ വിദ്യാലയത്തിലെ കംപ്യൂട്ടർ സയൻസ് അധ്യാപകനായ ദിനേഷ് പേട്ടലാണ് 'ഷാലു' എന്ന് പേരായ റോബോട്ടിനെ നിർമിച്ചത്. കാർഡ്ബോർഡ്, കോപ്പി കവറുകൾ, പത്രങ്ങൾ, തെർമോകോൾ, പ്ലാസ്റ്റിക് ബോക്സുകൾ, അലുമിനിയം വയറുകൾ, ഷീറ്റുകൾ എന്നിവപോലുള്ള മാലിന്യ വസ്തുക്കൾ ഉപയോഗിച്ചാണ് ഷാലു എന്ന ഹ്യൂമനോയിഡ് റോബോട്ട് പ്രോട്ടോടൈപ്പ് വികസിപ്പിച്ചിരിക്കുന്നത്.
"പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചാണ് മുഖം നിർമ്മിച്ചിരിക്കുന്നത്. എന്‍റെ പ്രധാന ശ്രദ്ധ അതിന്‍റെ പ്രോഗ്രാമിങ്ങിലായിരുന്നു. ഇത് വികസിപ്പിക്കാൻ മൂന്ന് വർഷമെടുത്തു, ചിലവ് 50,000 രൂപയാണ്, " -പട്ടേൽ മിഡ്-ഡേയോട് പറഞ്ഞു. "അവൾ ആളുകളെയും വസ്തുക്കളെയും തിരിച്ചറിയുന്നുണ്ട്. ഹസ്തദാനം പോലെ മനുഷ്യർ ചെയ്യുന്ന ചില പ്രവർത്തികളും ചെയ്യാൻ സാധിക്കും. സന്തോഷം, കോപം, പ്രകോപനം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനും പുഞ്ചിരിക്കാനും കഴിയുമെന്നും പട്ടേൽ പറഞ്ഞു.
ഹോങ്കോങ്ങിൽ വികസിപ്പിച്ചെടുത്ത 'സോഫിയ' എന്ന റോബോട്ടിനെ പോലെ, ഷാലുവിന് നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയും. "ഒരു ക്ലാസ് മുറിയിൽ അധ്യാപകനായി വരെ ഉപയോഗിക്കാം. അവൾക്ക് വിദ്യാർത്ഥികളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയും. ഏറ്റവും പുതിയ വാർത്തകളും, ജാതകം, കാലാവസ്ഥാ അപഡേറ്റുകൾ എന്നിവയും പറഞ്ഞുതരും. വിവിധ വിഷയങ്ങളിൽ സംസാരിക്കാനും ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനും എസ്എംഎസും മെയിലുകളും അയക്കാനും ഷാലുവിനെ ആശ്രയിക്കാമെന്ന് പട്ടേൽ വിശദീകരിക്കുന്നു.
ഹിന്ദി, ഭോജ്പുരി, മറാത്തി, ബംഗ്ലാ, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, നേപ്പാളി എന്നീ പ്രാദേശിക ഭാഷകളും ജാപ്പനീസ്, ഫ്രഞ്ച് അടക്കമുള്ള വിദേശ ഭാഷകളും ഷാലു സംസാരിക്കും. രജനീകാന്ത് നായകനായ റോബോട്ട് എന്ന ചിത്രത്തിലുള്ളത് പോലെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഒരു ചിട്ടി റോബോട്ടിനെ നിർമിക്കാം എന്ന ചിന്തയിലായിരുന്നു താനെന്ന് പേട്ടൽ പറയുന്നു. 'സോഫിയ' എന്ന റോബോട്ടിനെ കണ്ടതോടെ അത് സാധ്യമാകുമെന്ന് ഉറപ്പാക്കി, അതിന് വേണ്ടി പ്രയത്നിക്കുകയായിരുന്നുവെന്നും അദ്ദേഹം മിഡ്-ഡേയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.