'ശൈത്യകാല അവധിക്ക് ഗെയിമിങ് 14 മണിക്കൂർ മാത്രം'; ചൈനയിലെ കുട്ടികളോട് ടെൻസെൻറ്
text_fieldsരാജ്യം നാലാഴ്ചത്തെ ശൈത്യകാല അവധിയിലേക്ക് പ്രവേശിച്ചിരിക്കെ ചൈനയിലെ കുട്ടി ഗെയിമർമാർക്ക് ഗെയിം കളിക്കുന്നതിന് 14 മണിക്കൂറെന്ന കർശന സമയപരിധി നടപ്പിലാക്കി ലോകത്തിലെ ഏറ്റവും വലിയ വിഡിയോ ഗെയിമിങ് കമ്പനിയായ ടെൻസെൻറ്. കുട്ടികൾക്കിടയിലെ ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാൻ ചൈന കഴിഞ്ഞ വർഷമായിരുന്നു പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചത്.
ജനുവരി 17 മുതൽ ഫെബ്രുവരി 15 വരെയാണ് വിൻറർ ബ്രേക്ക്. ഇക്കാലയളവിൽ 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കാൻ അനുവദിച്ചിരിക്കുന്ന ദിവസങ്ങൾ 14 ആണ്. അതിൽ തന്നെ ദിവസവും ഒാരോ മണിക്കൂർ മാത്രമായിരിക്കും ഗെയിമിങ്ങിൽ മുഴുകാൻ അനുവദിക്കുക. പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ടെൻസെൻറ് ഗെയിംസ് തങ്ങളുടെ വീചാറ്റ് അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്.
''എലമെന്ററി സ്കൂൾ കുട്ടികൾക്ക് സെമസ്റ്റർ മുഴുവനായി അവരുടെ ഗെയിം സമയം പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഇപ്പോഴവർ അവരുടെ ശൈത്യകാല അവധിക്കാലത്തും വരാനിരിക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവലിലും പരമാവധി ഗെയിമിംഗ് വിനോദങ്ങളിൽ ഏർപ്പെടാനായി കാത്തിരിക്കുകയാണ്. എന്നാൽ, ശൈത്യകാല അവധിക്ക് നിങ്ങൾക്ക് പരമാവധി 14 മണിക്കൂർ മാത്രമേ കളിക്കാൻ കഴിയൂ!". ടെൻസെൻറ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ടെൻസെന്റ് ഗെയിംസിെൻറ കുട്ടി സബ്‌സ്‌ക്രൈബർമാർക്കായി ഓൺലൈൻ ഗെയിമിങ്ങിന് അനുമതി നൽകിയ ദിവസങ്ങൾ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തുന്ന ഒരു കലണ്ടറും അവർ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.