വിലക്കുറവ് കണ്ട് ഓൺലൈനിൽ ഐഫോൺ ഓർഡർ ചെയ്തു; പെട്ടിതുറന്നപ്പോൾ ഞെട്ടി
text_fieldsകാലങ്ങളായി വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു സാധനം ഞെട്ടിക്കുന്ന വിലക്കുറവിൽ ലഭ്യമാവുകയാണെങ്കിൽ ആരായാലും രണ്ടാമതൊന്ന് ആലോചിക്കാതെ സ്വന്തമാക്കാൻ ശ്രമിക്കും. ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകൾ ആളുകളെ ആകർഷിക്കാനായി അത്തരം 'ഓഫർ വിൽപ്പന' അവരുടെ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴായി നടത്താറുണ്ട്. അതേസമയം, ആളുകൾ, ഇരച്ചുകയറി പർച്ചേസ് ചെയ്യുന്ന ഓൺലൈൻ ഷോപ്പിങ് മാമാങ്കങ്ങളിൽ പണി കിട്ടുന്നവരും ചുരുക്കമല്ല.
ഷോപ്പിങ് സൈറ്റുകളിൽ പോയി വാങ്ങാനുദ്ദേശിക്കുന്ന പ്രൊഡക്ട് തെരഞ്ഞെടുത്ത് അതിന്‍റെ വിശദീകരണങ്ങളും നിരൂപണങ്ങളും വായിച്ച് വിലയിരുത്തി മാത്രം 'buy button' അമർത്തുന്നതാണ് ശരിയായ രീതി. എന്നാൽ, പ്രതീക്ഷിക്കാത്ത വിലയിൽ സാധനം കാണുേമ്പാൾ ചിലരെങ്കിലും അതെല്ലാം അവഗണിക്കും. അങ്ങനെ ചെയ്തതിന്റെ പേരിൽ 'വലിയൊരു' പണികിട്ടിയ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു തായ്ലൻഡുകാരൻ.
ഓൺലൈനിൽ ആപ്പിൾ ഐഫോണിന് വമ്പിച്ച വിലക്കുറവ് കണ്ടതോടെ ആവേശം അതിരുകടന്ന് കണ്ണുംപൂട്ടി ഓർഡർ ചെയ്യുകയായിരുന്നു തായ്ലൻഡിലെ ഒരു കൗമാരക്കാരൻ. എന്നാൽ, വീട്ടിലേക്ക് ഡെലിവറി ബോയ് കൊണ്ട് വന്നത് വലിയൊരു കാർട്ടൂൺ ബോക്സും. ആദ്യം കണ്ടപ്പോൾ അമ്പരന്നെങ്കിലും എന്തെങ്കിലും സർപ്രൈസ് പ്രതീക്ഷിച്ച് തുറന്നുനോക്കിയപ്പോൾ ലഭിച്ചത് 6.7 ഇഞ്ചുള്ള ഐഫോണിന് പകരം ഒരു ടേബിളിന്‍റെ വലിപ്പത്തിലുള്ള ഐഫോൺ. പിറകിൽ നാല് കാലുകളുള്ള ഐഫോണിന്‍റെ രൂപത്തിലുള്ള കോഫീ ടേബിളായിരുന്നു അത്.
ഈ വിചിത്രമായ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഡെലിവറി ബോയ്ക്കോ, ഷോപ്പിങ് സൈറ്റിനോ അല്ല. മറിച്ച് ഉൽപ്പന്ന വിവരണം വായിക്കാതെ ഐഫോണിന്‍റെ ചിത്രവും വിലയും മാത്രം നോക്കി ഓർഡർ നൽകിയ കൗമാരക്കാരന് തന്നെ. 'വലിയ ഐഫോൺ' ലഭിച്ച അനുഭവം ചിത്രങ്ങൾക്കൊപ്പം അവൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലാകാൻ അധികസമയമെടുത്തില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.