ടെലഗ്രാമിന് വിലക്കേർപ്പെടുത്തി ബ്രസീൽ
text_fieldsമെസ്സേജിങ് ആപ്പായ ടെലഗ്രാമിന്റെ പ്രവർത്തനം രാജ്യത്ത് താൽക്കാലികമായി റദ്ദാക്കി ബ്രസീൽ. ബ്രസീൽ ഫെഡറൽ കോടതിയാണ് രാജ്യവ്യാപകമായി ആപ്പിന് വിലക്കേർപ്പെടുത്തിയത്. നിയോ-നാസി ചാറ്റ് ഗ്രൂപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ടെലഗ്രാമിന്റെ പ്രവർത്തനം താൽക്കാലികമായി സസ്‍പെൻഡ് ചെയ്യാൻ ബ്രസീലിലെ ഫെഡറൽ ജഡ്ജി ബുധനാഴ്ച ഉത്തരവിടുകയായിരുന്നു.
ടെലഗ്രാം അധികൃതരോട് ബ്രസീലിലെ ഫെഡറൽ പൊലീസ് പ്ലാറ്റ്‌ഫോമിലെ ചാറ്റ് ഗ്രൂപ്പുകളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റഷ്യൻ സന്ദേശമയക്കൽ ആപ്പ് അതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടി നേരിട്ടത്. കോടതി ഉത്തരവിനു പിന്നാലെ, ബ്രസീലിലെ പലയിടങ്ങളിലും ടെലഗ്രാം സേവനം നിലച്ചിട്ടുണ്ട്. ഗൂഗിളും ആപ്പിളും ആപ്പ് ബ്ലോക്ക് ചെയ്യാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
2022 വർഷം നവംബറിൽ ബ്രസീലിലെ രണ്ട് സ്‌കൂളുകളിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചാറ്റ് ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരം പൊലീസ് തേടിയത്. എന്നാൽ, വിവരങ്ങൾ നൽകാൻ പറ്റില്ലെന്ന് ടെലഗ്രാം വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
ടെലഗ്രാം നിരോധിക്കാനുള്ള ആലോചന നേരത്തെ തന്നെ നടന്നിരുന്നതായി ബ്രസീൽ ഫെഡറൽ പൊലീസ് അറിയിച്ചു. ഇതിനിടെയാണ് കോടതി വിഷയത്തിൽ ഇടപെടുന്നത്. അന്വേഷണവുമായി ടെലഗ്രാം സഹകരിക്കുന്നില്ലെന്ന് പൊലീസ് നൽകിയ വിവരങ്ങളിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി തുടർന്നും സഹകരിച്ചില്ലെങ്കിൽ പൂർണനിരോധനം അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.