ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയ ദിവസം പുതുതായി ടെലഗ്രാമിലെത്തിയത് ഏഴ് കോടിയാളുകൾ
text_fieldsമോസ്കോ: ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റ്ഗ്രം എന്നീ സമൂഹ മാധ്യമങ്ങൾ തിങ്കളാഴ്ച നിശ്ചലമായതോടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് മറ്റൊരു മെസേജിങ് ആപ്പായ ടെലഗ്രാമാണ്. ഫേസ്ബുക്ക് നിശ്ചലമായ ദിവസം ഏഴുകോടി പുതിയ ഉപയോക്താക്കൾ ടെലഗ്രാമിലെത്തിയതായി ടെലഗ്രാം സ്ഥാപകൻ പവൽ ദുറോവ് അവകാശപ്പെട്ടു.
ദശലക്ഷക്കണക്കിനാളുകൾ പുതുതായി അക്കൗണ്ട് തുടങ്ങിയതിനാൽ അമേരിക്കയിൽ ചിലർക്ക് പ്രവർത്തനത്തിൽ വേഗതക്കുറവ് അുഭവപ്പെട്ടിരുന്നു. എന്നാൽ ലോകത്തെ മറ്റ് ഭൂരിഭാഗം മേഖലകളിലും ടെലഗ്രാം സേവനം സാധരണഗതിയിൽ ലഭ്യമായിരുന്നുവെന്നും ദുറോവ് പറഞ്ഞു.
ഏതാനും ടെക് ഭീമൻമാരെ മാത്രം ആശ്രയിക്കുന്നതിൻറെ പ്രതിഫലനം ഈ പ്രശ്നം വഴി പ്രകടമാക്കുകയും കൂടുതൽ എതിരാളികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുവെന്ന് യൂറോപ്യൻ യൂണിയൻ ആന്‍റിട്രസ്റ്റ് ചീഫ് മാർഗരറ്റ് വെസ്റ്റേജർ പറഞ്ഞു.
പണിമുടക്കിയതോടെ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗിന്‍റെ സ്വത്ത് കുത്തനെ ഇടിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ആറ് ബില്യൺ ഡോളറിലധികമാണ് (ഏകദേശം 44,710 കോടി രൂപ) കുറഞ്ഞത്. ഫേസ്ബുക്കിന്റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു. സെപ്റ്റംബർ മുതൽ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം ഇടിഞ്ഞത്.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോകമെമ്പാടും തടസ്സപ്പെട്ടത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റത്തിനുണ്ടായ (ഡി.എൻ.എസ്) തകരാറാണ് പ്രശ്നമായതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.