മെറ്റക്ക് വീണ്ടും തിരിച്ചടി; റഷ്യയിൽ വാട്സ്ആപ്പിനെ മറികടന്ന് ടെലഗ്രാം ഒന്നാമത്
text_fieldsയുക്രെയ്ൻ അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മെറ്റക്ക് തിരിച്ചടിയായി റഷ്യ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിച്ചിരുന്നു. അതേസമയം, മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് രാജ്യത്ത് ഇതുവരെ വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, റഷ്യയിൽ ഇപ്പോൾ മറ്റൊരു സന്ദേശമയക്കൽ ആപ്പായ ടെലഗ്രാമാണ് തരംഗമാവുന്നത്. വാട്സ്ആപ്പിനെ പിന്നിലാക്കി രാജ്യത്ത് ഇപ്പോൾ ടെലഗ്രാം ഒന്നാമതെത്തിയതായി റഷ്യയുടെ നാല് പ്രധാന ടെലികോം ഓപറേറ്റർമാരിൽ ഒരാളായ മെഗാഫോൺ വ്യക്തമാക്കി.
ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിൽ മൊബൈൽ ഇന്റർനെറ്റ് ട്രാഫിക്കിൽ 48 ശതമാനമുണ്ടായിരുന്ന ടെലഗ്രാമിന്റെ ഷെയർ മാർച്ചിലെ ആദ്യ രണ്ടാഴ്ചകളിൽ 63 ശതമാനമായി ഉയർന്നതായി മെഗാഫോണിന്റെ കണക്കുകളിൽ പറയുന്നു. എന്നാൽ വാട്‌സ് ആപ്പിന്റെ ഷെയർ 48ൽ നിന്ന് 32 ശതമാനമായി കുറയുകയുകയാണ് ചെയ്തത്. അതേസമയം, ശരാശരി ടെലഗ്രാം ഉപഭോക്താവ് 101 എംബി ഡാറ്റ ആപ്പിൽ ദിനംപ്രതി വിനിയോഗിച്ചപ്പോൾ വാട്‌സ്ആപ്പ് ്യൂസർ 26 എംബി മാത്രമാണ് ഉപയോഗിച്ചത്.
റഷ്യൻ നിർമിത ആപ്പായ ടെലിഗ്രാം ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വാട്സ്ആപ്പ് കഴിഞ്ഞാൽ, ഏറ്റവും ജനപ്രീതിയുള്ള മെസ്സേജിങ് ആപ്പാണ്. രണ്ട് ജിബി വരെ സൈസുള്ള ഏത് തരം ഫയലുകളും എളുപ്പം അയക്കാൻ കഴിയുമെന്നതാണ് ടെലിഗ്രാമിനെ വലിയ രീതിയിൽ സ്വീകാര്യമാക്കിയത്.
റഷ്യയിലെ പ്രധാന ന്യൂസ് പ്ലാറ്റ്‌ഫോമുകളിലൊന്ന് കൂടിയാണ് റഷ്യക്കാരനായ പവേൽ ഡുറോവ് സ്ഥാപിച്ച ടെലഗ്രാം. റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതൽ റഷ്യയിൽ ടെലിഗ്രാമിന് വലിയ വളർച്ചയാണ് സ്വന്തമാക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.