ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇനി ഗ്രോക്ക് എ.ഐയുമായി ചാറ്റ് ചെയ്യാം
text_fieldsവിമർശനങ്ങൾക്കൊടുവിൽ എലോൺ മസ്കിന്‍റെ ഗ്രോക്ക് എ.ഐ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇനി മുതൽ ടെലിഗ്രാം ഉപയോക്താക്കൾക്ക് ഗ്രോക്ക് എ.ഐയുമായി നേരിട്ട് ചാറ്റ് ചെയ്യാൻ കഴിയും. മുമ്പ് എക്സിലും ഗ്രോക്ക് ആപ്പിലും മാത്രമേ ചാറ്റ് ബോട്ടുമായി സംവദിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് വഴി ഗ്രോക്ക് എ.ഐയുടെ ഉപയോഗം വർധിപ്പിക്കാനും ടെലിഗ്രാമിന് എ.ഐ രംഗത്ത് ശക്തമാകാനും സാധിക്കും.
2024 ഓഗസ്റ്റിന് ശേഷം ടെലിഗ്രാം വിവിധ നിയമപ്രശ്നങ്ങൾ നേരിടുന്നുണ്ട്. സി.ഇ.ഒ പവൽ ഡുറോവിന്‍റെ അറസ്റ്റും ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ആപ്പ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളും ടെലിഗ്രാമിന് വലിയ ആഘാതം ഉണ്ടാക്കി. കൂടാതെ എ.ഐ സവിശേഷതകളില്ലാത്തതിനാൽ ആളുകളുടെ താൽപര്യം കുറയുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.
അതേസമയം, വാട്ട്സ്ആപ്പ് മെറ്റാ എ.ഐ അവതരിപ്പിച്ചതോടെ ടെലിഗ്രാം പുതിയ സവിശേഷതകൾ കൊണ്ടുവരാൻ നിർബന്ധിതമായി. ഗ്രോക്ക് എ.ഐയുടെ സഹായത്തോടെ ടെലിഗ്രാമിന് പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ സാധിക്കും.
എന്നിരുന്നാലും ഗ്രോക്ക് എ.ഐ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകില്ല. ഇത് ടെലിഗ്രാം പ്രീമിയം ഉപയോക്താക്കൾക്കും എക്സ് പ്രീമിയം ഉപയോക്താക്കൾക്കും മാത്രമാണ് ഉപയോഗിക്കാൻ കഴിയൂ. വാട്ട്സ്ആപ്പിൽ മെറ്റാ എ.ഐ ഉപയോഗിക്കുന്നത് പോലെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാൻ സാധിക്കില്ല. ടെലിഗ്രാമിൽ “GrokAI” എന്ന പേരിൽ സെർച്ച് ചെയ്ത് ചാറ്റിങ് ആരംഭിക്കാം. ടെലിഗ്രാം ഫ്രീയായി ഉപയോഗിക്കുന്നയാളുകൾക്ക് ലഭ്യമാകുന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
ടെലിഗ്രാമിൽ അവതരിപ്പിച്ചിരിക്കുന്നത് ഗ്രോക്ക് 3 എന്ന ഏറ്റവും പുതിയ മോഡലാണ്. ഈ പുതിയ മോഡൽ പത്ത് മടങ്ങ് കൂടുതൽ കഴിവുള്ളതാണെന്നും ആഴത്തിലുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.