ആഗസ്ത് എട്ടിന് ടെസ്‍ലയുടെ ‘റോബോ ടാക്സി’ എത്തും; പ്രഖ്യാപനവുമായി ഇലോൺ മസ്ക്
text_fieldsടെസ്‍ലയുടെ കീഴിൽ റോബോ ടാക്‌സി അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ശതകോടീശ്വരനായ ഇലോൺ മസ്ക്. സെൽഫ്-ഡ്രൈവിങ് ടാക്സി അല്ലെങ്കിൽ ഡ്രൈവറില്ലാ ടാക്സി എന്നും അറിയപ്പെടുന്ന റോബോ-ടാക്‌സിയെ കുറിച്ച് മസ്ക് കൂടുതൽ വിവരങ്ങളൊന്നും നിലവിൽ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ആഗസ്ത് എട്ടിന് കാർ അവതരിപ്പിക്കുമെന്ന സൂചന മസ്ക് എക്സിലൂടെ നൽകിയിട്ടുണ്ട്. “Tesla Robotaxi unveil on 8/8.” എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
ടെസ്‍ല വർഷങ്ങളായി റോബോ ടാക്സിയിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ടെസ്‍ലയെ സംബന്ധിച്ചിടത്തോളം വഴിത്തിരിവാകാൻ സാധ്യതയുടെ ഉത്പന്നമാണ് റോബോ ടാക്സിയെന്നാണ് മസ്ക് പറയുന്നത്. ഒരു ഓട്ടോണമസ് ടാക്സി സർവീസായി പ്രവർത്തിക്കാൻ കഴിയുന്ന, സ്റ്റിയറിങ് വീലോ പെഡലുകളോ ഇല്ലാതെ പൂർണ്ണമായും സ്വയം ഓടിക്കുന്ന കാർ സൃഷ്ടിക്കുക എന്നതായിരുന്നു ആശയം. അതായത്, ടെസ്‍ലയുടെ റോബോ ടാക്സിയെ പണിക്ക് വിട്ടുകൊണ്ട് ഉടമകൾക്ക് പണം സമ്പാദിക്കാൻ കഴിയുമെന്ന് ചുരുക്കം.
റോബോ ടാക്സിയുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ മസ്‌ക് ചില സൂചനകൾ നൽകിയിരുന്നു. 2020-ല്‍ റോബോ ടാക്സികള്‍ നിരത്തിലിറങ്ങുമെന്ന് 2019-ല്‍ തന്നെ അദ്ദേഹം അവകാശപ്പെടുകയുണ്ടായി. എന്നാല്‍ അത് സംഭവിച്ചില്ല. അതോടെ പരിഹാസവും വിമർശനങ്ങളുമായി ചിലരെത്തുകയും ചെയ്തു. വാശികയറിയ മസ്ക് അത് നിരത്തുകളിൽ ഇറക്കിയിരിക്കുമെന്നും ടെസ്‍ല ടീം അത് ചെയ്തിരിക്കുമെന്നുമൊക്കെ അന്ന് പറയുകയുണ്ടായി. ഇപ്പോൾ അദ്ദേഹം റോബോ ടാക്സിയുടെ ലോഞ്ചുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റ് വലിയ ആകാംഷക്കിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.